
കോട്ടയം മൊത്തം കേസുകെട്ടാ…! കേരളത്തില്‍ ഏറ്റവും കൂടുതല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ലയായി കോട്ടയം; 90 ശതമാനവും ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ എടുക്കുന്ന പെറ്റി കേസുകള്‍; മേലധികാരികള്‍ക്ക് മാധ്യമശ്രദ്ധ കിട്ടാന്‍ സമ്മര്‍ദ്ദത്തിലാക്കുന്നത് എസ്എച്ച്ഒ മുതല്‍ താഴോട്ടുള്ള പൊലീസുകാരെ; കീശ വീര്‍പ്പിക്കാന്‍ സാധാരണക്കാരനെ ഊറ്റിപ്പിഴിയുമ്പോള്‍ കോട്ടയത്തെ ക്രൈംകേസുകള്‍ അന്വേഷിക്കാന്‍ ആളില്ല
ഏ.കെ ശ്രീകുമാര്‍
കോട്ടയം: സംസ്ഥാനത്ത് ഏറ്റവുമധികം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് കോട്ടയം ജില്ലയിലാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്ന ജില്ലയായതുകൊണ്ടല്ല, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളെ പിന്തള്ളി കോട്ടയം കേസുകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. മറിച്ച്, പെറ്റിക്കേസുകളുടെ പേരിലാണ് കോട്ടയം ജില്ല ഒന്നാം സ്ഥാനത്ത് എത്തിയത്, അതും വാഹനപരിശോധന കേസുകള്‍.
വാഹനപരിശോധന കേസുകള്‍ ഇത്രയധികം വര്‍ധിക്കുന്നതിനര്‍ത്ഥം കോട്ടയംകാരാണ് റോഡില്‍ ഏറ്റവുമധികം നിയമലംഘനങ്ങള്‍ നടത്തുന്നതെന്നുമല്ല. മറിച്ച് കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ചക്രശ്വാസം വലിക്കുന്നതെന്നതിന്റെ തെളിവാണ്. പൊലീസിന്റെ സമ്മര്‍ദ്ദത്തിനും പണപ്പിരിവിനും ഇരയാകുന്നതാകട്ടെ, ബൈക്കും കാറുമായി റോഡിലിറങ്ങുന്ന സാധാരണക്കാരും. പൊതുജനങ്ങളുമായുള്ള പൊലീസിന്റെ പല പ്രശ്‌നങ്ങള്‍ക്കും കാരണം ഇത്തരം ജോലിസമ്മര്‍ദമാണ്. ഇതിന് തെളിവാണ് കോവിഡ് കാലത്ത് ടാര്‍ജറ്റ് തികയ്ക്കാന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കെതിരേയും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കെതിരേയും അവര്‍പോലും അറിയാതെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുക്കേണ്ടിവന്ന വിവിധ സംഭവങ്ങള്‍.
2012ല്‍ 32517 കേസുകല്‍ മാത്രമുണ്ടായിരുന്ന കോട്ടയത്ത് 2022 സെപ്റ്റംബര്‍ മാസം വരെ മാത്രം 46267 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2012ല്‍ 49808 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് കേസുകളുടെ കാര്യത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന എറണാകുളം സിറ്റിയില്‍ 2022 സെപ്റ്റംബര്‍ വരെ മാത്രം 19944 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെട്രോ നഗരമായ കൊച്ചി ഉള്‍പ്പെടുന്ന എറണാകുളത്ത് പോലും ഇത്രയധികം കേസുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കോട്ടയത്ത് 46267 കേസുകള്‍ എന്ന റെക്കോര്‍ഡ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ സ്റ്റേഷന്‍ ഓഫീസര്‍മാരും നിശ്ചിത കേസുകള്‍ എടുക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതില്‍ വീഴ്ച സംഭവിച്ചാല്‍ ഫോണ്‍ വഴിയും വയര്‍ലെസിലൂടെയും സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ശകാരം കേള്‍ക്കാം. പെറ്റി കേസുകള്‍ക്ക് പിന്നാലെ പോയി കീശ വീര്‍പ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടുമ്പോള്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് ജില്ലയില്‍.
ജില്ലാ പൊലീസ് മേധാവിമാരാകാന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ നടത്തുന്ന അനാരോഗ്യകമായ മത്സരം പോലീസിന്റെ താഴേത്തട്ടിലെ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദത്തിന് ഇടയാക്കുന്നുവെന്ന വാട്‌സാപ്പ് സന്ദേശം കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു.