
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 20ലേറെ പഞ്ചായത്തുകളില്‍ കാട്ടുപന്നിശല്യം രൂക്ഷമാണ്. കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അധികാരം മുഖ്യവനപാലകനില്‍ നിന്ന് മാറ്റി പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കിയതോടെ പല നൂലാമാലകളും ഒഴിവായതിന്റെ ആശ്വാസത്തിലാണ് കര്‍ഷകര്‍.
കൃഷിക്കും മനുഷ്യനും ഉപദ്രവമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ പഞ്ചായത്ത് അംഗം നല്കുന്ന റിപ്പോര്‍ട്ടില്‍ പ്രസിഡന്റിന് തീരുമാനമെടുക്കാം. ഇതിനായി മറ്റാരുടെയും അനുമതിക്കായി കാത്തിരിക്കേണ്ടതില്ല. ഡെലിഗേറ്റിംഗ് ഓഫീസര്‍ തദ്ദേശസ്ഥാപന സെക്രട്ടറിയാണ്. കാട്ടുപന്നിയെ കണ്ടാലുടന്‍ തദ്ദേശ പ്രതിനിധികളെ അറിയിച്ച് കാലതാമസമൊഴിവാക്കാമെന്നതാണ് പുതിയ തീരുമാനത്തിന്റെ മെച്ചം. തോക്കുപയോഗിക്കാനുള്ള മുന്‍ ചട്ടങ്ങളില്‍ ഇളവില്ല. എല്ലാവര്ക്കും വെടിവെക്കാനുമാവില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗീകൃത തോക്ക് ലൈസന്‍സുള്ള വ്യക്തികളെ കണ്ടെത്തി ഉപയോഗിക്കാം. പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും സഹായം തേടാം. എന്നാല്‍ വെടിവയ്ക്കുമ്ബോള് പാലിക്കേണ്ട സുരക്ഷ ഉറപ്പാക്കണം. മണ്ണെണ്ണയുടെ ക്ഷാമം കണക്കിലെടുത്ത് കൊന്ന പന്നിയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കേണ്ടതില്ല. പകരം ശാസ്ത്രീയമായി മറവുചെയ്യാം.
കൂട്ടിക്കല്‍, കോരുത്തോട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, എരുമേലി, മണിമല, പള്ളിക്കത്തോട്, അയര്‍ക്കുന്നം പഞ്ചായത്തുകള്‍ ഉള്‍പ്പെടെ പന്നി ശല്യം രൂക്ഷമാണ്.
കുരുക്കിട്ടും പിടിക്കാം. മുന്‍പത്തെ വിലക്ക് നീക്കി. വൈദ്യുതി, വിഷപ്രയോഗം പറ്റില്ല. സംസ്കരിക്കാന്‍ ചട്ടം പാലിക്കുന്നുവെന്ന് ചുമതലപ്പെട്ട ജനപ്രതിനിധി ഉറപ്പാക്കണം.







