Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കൂറ്റന്‍ ഇരുമ്പുതൂണുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ആര്‍ക്കും വേണ്ടാത്ത പദ്ധതിക്കു ചെലവഴിച്ച സമയവും പണവും സ്ഥലവും നഷ്ടം.
ആകാശപാതയിൽ തുടങ്ങി ഗാന്ധി സ്മൃതിമണ്ഡപമായി മാറിയ പദ്ധതിക്ക് 2015 നവംബറിലാണ് ഭരണാനുമതി കിട്ടിയത്.

ആകാശ പാതയുടെ തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയെന്നും പണി പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാർ കഴിഞ്ഞ മാസം സർക്കാരിന് പരാതി നല്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഈ പരാതിക്ക് ലഭിച്ച മറുപടിയിലാണ് മുകളിലോട്ട് കയറാനുള്ള സ്റ്റെയർകേസ് നിർമിക്കാനുള്ള സ്ഥലം കണ്ടെത്താത്തതിനാലാണ് പണി നിർത്തി വെച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ച് റോഡ് സേഫ്റ്റി അതേറ്റിട്ടി മറുപടി നല്കിയത്. ഇതോടെ ആവശ്യമായ സ്ഥലം കണ്ടെത്താതെ ആകാശപാത പകുതി പണിതതിന് പിന്നിൽ വൻ അഴിമതി ഉണ്ടെന്ന് ഉറപ്പായി. അഴിമതി അന്വേഷിക്കണമെന്നും അനുമതി നല്കിയ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് ശ്രീകുമാർ വിജിലൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

 

ആകാശപാതയുടെ രൂപരേഖ

 

നഗരത്തിലെ കാല്‍നടയാത്രക്കാരെ അപകടങ്ങളില്‍നിന്നു രക്ഷിക്കാനും ​ഗതാ​ഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനും എന്ന അവകാശവാദത്തോടെ അന്നുമിന്നും കോട്ടയം എം.എല്‍.എയായ അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രത്യേക താല്പര്യമെടുത്താണ് പദ്ധതിക്ക് ഭരണാനുമതി നേടിയെടുത്തത്. പിന്നീട് ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തു ഭരണമാറ്റമുണ്ടായി. അഞ്ചേകാല്‍ കോടിയുടെ പദ്ധതിയില്‍ ഒന്നേമുക്കാല്‍ കോടി ചെലവഴിച്ചു. പക്ഷേ, തുടര്‍ന്നുപോകാന്‍ കഴിയാത്തവിധം അപ്രായോഗികമാണെന്നു വ്യക്തമായതോടെ പദ്ധതി നിലച്ചു. പിന്നീടാണ് എം.എല്‍.എ തന്നെ മുന്‍കയ്യെടുത്ത് ഗാന്ധിസ്മൃതി മണ്ഡപം എന്ന ആശയം കൊണ്ടുവന്നത്. അതും യാഥാര്‍ത്ഥ്യമായില്ല.

 

കോട്ടയത്തിന്റെ മുഖച്ഛായ മാറ്റുന്ന വന്‍പദ്ധതിയായി മുന്‍ സര്‍ക്കാരും എം.എല്‍.എയും മാത്രമല്ല, സ്ഥലംവിട്ടു കൊടുത്ത നഗരസഭയും അവതരിപ്പിച്ച പദ്ധതി നാണക്കേടിന്റെ പര്യായമായി മാറി. കപടവികസനത്തിന് ഉദാഹരണമെന്ന് എല്‍.ഡി.എഫും യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതിയായതുകൊണ്ട് തുരങ്കംവെച്ചുവെന്ന് എം എൽ എയും ആരോപിക്കുന്നു.

ബേക്കര്‍ ജംഗ്ഷനും നഗരസഭാ ആസ്ഥാനത്തിനും ഇടയിലായി അഞ്ചു റോഡുകള്‍ ചേരുന്ന തിരക്കുള്ള ജംഗ്ഷനാണ് ഇത്. തലങ്ങും വിലങ്ങും വാഹനങ്ങള്‍. റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാന്‍ മാര്‍ഗ്ഗം അത്യാവശ്യം. ദിവസവും ഏകദേശം 4000 വാഹനങ്ങളും 11000 കാല്‍നടക്കാരും ഇവിടെക്കൂടി കടന്നുപോകുന്നുണ്ട് എന്നായിരുന്നു വസ്തുതാപരമായ കണ്ടെത്തല്‍. വളരെ തിരക്കുള്ള സമയങ്ങളില്‍ കാല്‍നടക്കാരുടെ എണ്ണം 6000 മുതല്‍ 8000 വരെയാണ് എന്നും നാറ്റ്പാക്കിന്റെ പഠനത്തിലുണ്ട്.

”ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആകാശപാതയില്‍ കയറാനും ഇറങ്ങാനും യന്ത്രപ്പടികളും ലിഫ്റ്റുകളും ഇവ പ്രവര്‍ത്തിപ്പിക്കാന്‍ മുഴുവന്‍സമയ ചുമതലയുള്ളവരും ഉണ്ടായിരിക്കും. പരിപാലനത്തിന് എല്‍.ഇ.ഡി പരസ്യബോര്‍ഡുകളില്‍നിന്നുള്ള വരുമാനം മാത്രം മതിയാകും. ആളുകള്‍ക്ക് ഉപകരിക്കുന്ന കിയോസ്‌കുകളും ഇരിപ്പിടങ്ങളുമുണ്ടാകും.” ആദ്യം വന്ന വാര്‍ത്തകളിലൊന്ന് ഇങ്ങനെയാണ്. നഗരവാസികള്‍ക്ക് താല്പര്യം തോന്നിയതു സ്വാഭാവികം. അവര്‍ വലിയ പ്രതീക്ഷയിലാവുകയും ചെയ്തു. റോഡ് സുരക്ഷാ അതോറിറ്റിയുടെ കീഴിലായിരിക്കും ആകാശപാതയെന്നും റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനായിരിക്കും നിര്‍മ്മാണച്ചുമതല എന്നും തീരുമാനിച്ചു.

പാതയുടെ രൂപരേഖ പ്രകാരം നഗരസഭ ഓഫീസിനു മുമ്പിലും ബേക്കർ ജംഗ്ഷനിലേക്കുള്ള റോഡിലും ടെബിൾ റോഡിലും ശാസ്ത്രി റോഡിലുമാണ് ലിഫ്റ്റ് വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ സ്ഥലം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ചിന്തകൾ. 2016-ലാണ് ആകാശപാതയുടെ നിർമ്മാണം ആരംഭിച്ചത്. കിറ്റ്‌കോയ്ക്കായിരുന്നു നിർമ്മാണ ചുമതല.