
വിഴിഞ്ഞം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ വിഴിഞ്ഞത്ത് വരാനിരിക്കുന്ന ചാകരക്കാലത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മത്സ്യതൊഴിലാളികള്‍.
സീസണെ വരവേല്‍ക്കാൻ മത്സ്യബന്ധന തുറമുഖം ഒരുങ്ങിക്കഴിഞ്ഞു. തീരത്തെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ ഓലമേഞ്ഞ് പൊലീസുകാരെ ഡ്യട്ടിക്കും നിയോഗിച്ചു.
വൈദ്യുതി വിളക്കുകള്‍ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ ഓരോ ദിവസവും എത്തുകയാണ്.
സീസണോടനുബന്ധിച്ച് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ മുഴുവൻ സമയ കണ്ട്രോള് റും പ്രവർത്തനം ആരംഭിച്ചു. താത്കാലിക ലൈഫ് ഗാർഡുമാരെയും നിയമിച്ചു. മത്സ്യബന്ധന തീരത്ത് ഇതിനോടകം വള്ളങ്ങള്‍ നിറഞ്ഞിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊഞ്ചിന്റെ ലഭ്യതയോടെയാണ് സീസണ് ആരംഭിക്കുന്നത്. എന്നാല്‍ നിലവില്‍ കുറഞ്ഞ അളവില്‍ മത്തിയാണ് ലഭിക്കുന്നത്.
ഉള്‍ക്കടലില്‍ കാറ്റ് കൂടുതലായതിനാല്‍ മീൻ പിടിക്കാൻ വളരെ കുറച്ച് തൊഴിലാളികള്‍ മാത്രമാണ് പോകുന്നത്. ഏതാനും ദിവസങ്ങളായി നല്ല മഴലഭിക്കുന്നതിനാല് കടല്‍ തണുത്ത് ആഴക്കടലില്‍ നിന്ന് മത്സ്യങ്ങള്‍ മുകള്‍ തട്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
കൊഞ്ച് എത്തിയ ശേഷം കണവയും ചെറു മത്സ്യങ്ങളും എത്തും. വാള ലഭിക്കുന്നതോടെ സീസണ് അവസാനിക്കുകയാണ് പതിവ്. കഴിഞ്ഞ സീസണില്‍ തീരത്ത് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ നിറയെ മീൻ ലഭിച്ചിരുന്നു.







