
മത്സരയോട്ടത്തിനിടെ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പള്ളിക്കത്തോട് തെങ്ങുംപള്ളി ഭാഗത്ത് പൂവത്തിളപ്പ് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. പണിക്കമറ്റം മണ്ണൂപ്പറമ്പില്‍ 21കാരനായ ആകാശ് വിജയനാണ് മരിച്ചത്. മത്സരയോട്ടത്തിനിടെ ആകാശ് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.
ആകാശിനൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ആരീപ്പറമ്പ് പറപ്പള്ളിക്കുന്ന് സ്വദേശി ഗിരിയ്ക്കും അപകടത്തിൽ പരിക്കേറ്റു. പിന്നാലെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുടെ ബൈക്കുമായി മത്സരയോട്ടത്തില് ഏർപ്പെടുകയായിരുന്നു ആകാശെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






