
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സർക്കാർ. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും. ആദ്യ ഗ്യാരന്‍റി ഒരു മാസത്തിനുളളിൽ നടപ്പാക്കാൻ തീരുമാനിച്ച യുഡിഎഫ് സർക്കാർ, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതി മാത്രമേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യ യാത്രയുണ്ടോ? എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഇവയിലൊക്കെ ചർച്ച നടത്തുന്നതിന് വേണ്ടിയാണ് ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്.
ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയുളളത്. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം.






