play-sharp-fill
കൊറോണയേക്കാൾ മാരകമായ വൈറസുകളായി മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ..! ഗൈനക്കോളജി വാർഡിൽ കൊറോണ ബാധിതരെ പ്രവേശിപ്പിച്ചതായി വ്യാജ പ്രചാരണം; നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതിന് പിന്നിൽ സുരക്ഷ ഉറപ്പാക്കേണ്ട സെക്യൂരിറ്റി ജീവനക്കാർ തന്നെ; ആശങ്കയിൽ രോഗികൾ

കൊറോണയേക്കാൾ മാരകമായ വൈറസുകളായി മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ..! ഗൈനക്കോളജി വാർഡിൽ കൊറോണ ബാധിതരെ പ്രവേശിപ്പിച്ചതായി വ്യാജ പ്രചാരണം; നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതിന് പിന്നിൽ സുരക്ഷ ഉറപ്പാക്കേണ്ട സെക്യൂരിറ്റി ജീവനക്കാർ തന്നെ; ആശങ്കയിൽ രോഗികൾ

എ.കെ ജനാർദനൻ

കോട്ടയം: കൊറോണപ്പേടിയിൽ ലോകമെമ്പാടും ആശങ്കകൾ ഉയരുന്നതിനിടെ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ..! രോഗികളുടെ സുരക്ഷയും ആശുപത്രിയിലെ ശാന്തമായ അന്തരീക്ഷവും ഉറപ്പു വരുത്തേണ്ട സെക്യൂരിറ്റി ജീവനക്കാർ തന്നെയാണ് വ്യാജ പ്രചാരണവുമായി മുന്നിൽ നിൽക്കുന്നത്. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് കൊറോണ ബാധിതരെ പ്രവേശിപ്പിച്ചെന്ന പച്ചക്കള്ളമാണ് സെക്യൂരിറ്റി ജീവനക്കാരായ രണ്ടു പേർ ചേർന്നു പ്രചരിപ്പിക്കുന്നത്. ആശുപത്രിയിൽ സിസേറിയന് വിധേയയായി കഴിയുന്ന യുവതിയുടെ ഭർത്താവിനോടും, മറ്റ് രോഗികളോടുമാണ് സെക്യൂരിറ്റി ജീവനക്കാർ തന്നെ ഇത്തരത്തിൽ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത്.

ഇതോടെ പരിഭ്രാന്തരായ രോഗികളോട്, എത്രയും വേഗം ഡിസ്ചാർജ് വാങ്ങി വീട്ടിലേയ്ക്കു പോകാനാണ് സെക്യൂരിറ്റി ജീവനക്കാർ നിർദേശിക്കുന്നത്.  പരിഭ്രാന്തരായ രോഗികളിൽ പലരും ഡിസ്ചാർജ് ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ ബന്ധപ്പെടുകയും, മാധ്യമങ്ങളോട് വിവരം പറയുകയും ചെയ്തു.


ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സിസേറിയൻ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഭാര്യയെ കാണാനായാണ് യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിലെ വാർഡിലേയ്ക്കു കയറാനെത്തിയ യുവാവിനെ തടഞ്ഞു നിർത്തിയ ശേഷം, കൊറോണ ബാധിതരായ രണ്ടു പേരെ ഗൈനക്കോളജി വിഭാഗത്തിലെ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, അതു കൊണ്ട് മറ്റാർക്കും ഇതിനുള്ളിലേയ്ക്കു പ്രവേശനമില്ലെന്നും സെക്യൂരിറ്റി ജീവനക്കാർ പറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി അധികൃതരുടെ അനാസ്ഥയെ

കുറ്റപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാർ, യുവാവിനോട് എത്രയും വേഗം ഭാര്യയെയുമായി വീട്ടിലേയ്ക്കു മടങ്ങാനും നിർദേശിച്ചു. രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതും, ആശങ്ക അകറ്റേണ്ടതുമായ സെക്യൂരിറ്റി ജീവനക്കാരാണ് ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നത്. യുവാവിനോടു മാത്രമല്ല ഗൈനക്കോളജി വിഭാഗത്തിൽ എത്തുന്ന സാധാരണക്കാരായ രോഗികളോടെല്ലാം ഇവർ ഇത്തരത്തിൽ വ്യാജമായ പ്രചാരണം നടത്തുന്നത്. ഇതോടെ രോഗികളിൽ പലരും ആശങ്കയിലായിട്ടുണ്ട്.

തേർഡ് ഐ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളെയും, ഡോക്ടർമാരെയും ബന്ധപ്പെട്ട് യുവാവ് സെക്യൂരിറ്റി ജീവനക്കാരുടെ പ്രചാരണം വ്യാജമാണ് എന്ന് ഉറപ്പിച്ചു. തുടർന്നു, ഇയാൾ ഈ രണ്ടു സെക്യൂരിറ്റി ജീവനക്കാർക്കെതിരെ പരാതി നൽകാൻ ഇവരുടെ അടുത്ത് ചെന്ന് പേരു നോക്കിയെങ്കിലും, രണ്ടു പേർക്കും നെയിം ബാഡ്ജ് ഉണ്ടായിരുന്നില്ല. പൊലീസിനു സമാനമായ യൂണിഫോം ധരിച്ചിരിക്കുന്ന സെക്യൂരിറ്റി ജീവനക്കാരോട് ഇതേപ്പറ്റി ചോദിച്ചെങ്കിലും യുവാവിനോട് തട്ടിക്കയറുകയായിരുന്നു ഇയാൾ.

കൊറോണ സംശയിച്ച് ആശുപത്രിയിൽ എത്തുന്നവരെ, ഇനി അവർ ഗർഭിണി ആണെങ്കിൽ പോലും പ്രത്യേക ഐസൊലേഷൻ വാർഡിലാണ് പ്രവേശിപ്പിക്കുക. ഇതു സംബന്ധിച്ചു അറിയാമെങ്കിൽ പോലും വ്യാജ പ്രചാരണം നടത്തി രോഗികളെ ആശങ്കയിലാക്കുകയാണ് ആശുപത്രിയിലെ രണ്ടു സെക്യൂരിറ്റി ജീവനക്കാർ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെപ്പറ്റി മുൻപും വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്ന രോഗികളോട് മോശമായി പെരുമാറുന്നതായും, ക്രൂരമായ സമീപനം സ്വീകരിക്കുന്നതായും ഇവർക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ഗുരുതരമായ അനാസ്ഥ കാട്ടിയ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.