
സ്വന്തം ലേഖകൻ
കൂരോപ്പട : മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗത്തിൽ പുതുപ്പള്ളി നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറും കൂരോപ്പട മണ്ഡലം പ്രസിഡന്റും തമ്മിൽ കയ്യാങ്കളിയും അസഭ്യവർഷവും…….
കഴിഞ്ഞ ദിവസം വൈകുന്നേരം കോൺഗ്രസ് നേതൃത്വ യോഗം കൂരോപ്പടയിൽ കാർഷികബാങ്കിന്റെ മുകളിലെ ഹാളിൽ ചേർന്നിരുന്നു.
കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, ഡി.സി.സി സെക്രട്ടറി സാബു പുതുപ്പറമ്പിൽ എന്നിവർ യോഗത്തിനെത്തിയിരുന്നു. ഇവർ പങ്കെടുത്ത് പുറത്ത് ഇറങ്ങുന്നതിനിടയിലാണ് കൂരോപ്പട മണ്ഡലം പ്രസിഡന്റ് സാബു സി കുര്യനും യു.ഡി.എഫ് കൺവീനർ കുഞ്ഞ് പുതുശ്ശേരിയും തമ്മിൽ അസഭ്യവർഷവും കയ്യാങ്കളിയും ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേട്ടാലറയ്ക്കുന്ന തെറി വിളി കേട്ട് മഹിളാ നേതാക്കളും വനിതാ ജനപ്രതിനിധികളും ഓടി രക്ഷപ്പെട്ടു. വാർഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായുള്ള ഇരുവരുടെയും അഭിപ്രായ വ്യത്യാസമാണ് കയ്യാങ്കളിയിലേക്കും അസഭ്യവർഷത്തിലേക്കും എത്തിച്ചത്. പരസ്പരം തല്ലാൻ നിന്ന ഇരുവരെയും മുതിർന്ന നേതാക്കളാണ് പിടിച്ച് മാറ്റിയത്.
വർഷങ്ങൾക്ക് മുൻപേ കോൺഗ്രസിലെ തമ്മിലടിക്ക് പേര് കേട്ട സ്ഥലമാണ് കൂരോപ്പട. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുഞ്ഞ് പുതുശ്ശേരിക്ക് നേതൃത്വം സീറ്റ് നിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവർ തമ്മിലുള്ള തമ്മിലടി രൂക്ഷമായിരുന്നു.പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ മകനെ എം.ആർ എഫിൽ നിന്ന് പിരിച്ച് വിട്ടതിന് പിന്നിൽ സാബുവാണെന്ന് ആരോപിച്ചായിരുന്നു ചീത്തവിളി. പരസ്പരം ചീത്തവിളിയായതോടെ നാട്ടുകാരും ഓടിക്കൂടി.
വരും ദിവസങ്ങളിൽ ഇതിന്റെ ബാക്കിയുണ്ടാവുമെന്ന് ഉറപ്പാണ്. പോലീസ് സംരക്ഷണത്തിൽ യോഗം കൂടേണ്ട അവസ്ഥയാണെന്ന് പ്രവർത്തകർ പറഞ്ഞു. പ്രധാനപ്പെട്ട യോഗം കലക്കിയത് കൺവീനർ കുഞ്ഞ് പുതുശ്ശേരിയാണെന്ന് സാബുവും കലക്കിയത് സാബുവാണെന്ന് കുഞ്ഞും ആരോപണം ഉന്നയിച്ചിട്ടുണ്ട്.







