പുതുവർഷം അടിച്ചു പൊളിക്കാൻ കോന്നിയിലേക്ക് പോയാലോ? ആനസവാരിയും, കുട്ടവഞ്ചി യാത്രയുമടക്കം കാഴ്ചകളുടെ വിരുന്നൊരുക്കി കോന്നി

പുതുവർഷം അടിച്ചു പൊളിക്കാൻ കോന്നിയിലേക്ക് പോയാലോ? ആനസവാരിയും, കുട്ടവഞ്ചി യാത്രയുമടക്കം കാഴ്ചകളുടെ വിരുന്നൊരുക്കി കോന്നി

അമ്പിളി ഉല്ലാസ് പന്തളം

പത്തനംതിട്ട: ആനകളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ആനക്കൊട്ടിലും കണ്ട് ആനപ്പുറത്ത് സവാരിയും പിന്നെ ഒരു ഉഗ്രൻ കുട്ടവഞ്ചി യാത്രയും കൂടി ആയാലോ?,. കേള്‍ക്കുമ്പോൾ തന്നെ പോയാല്‍ കൊള്ളാം എന്നാണോ?. എങ്കില്‍ വണ്ടി  നേരെ പത്തനംതിട്ട ജില്ലയിലെ കോന്നിയിലേക്ക് വിട്ടോ!

പകുതിയില്‍ അധികവും വനഭൂമിയാല്‍ ചുറ്റപ്പെട്ട പത്തനംതിട്ടയുടെ മുഖ്യ ആകര്‍ഷണം കോന്നി ആനവളര്‍ത്തൽ കേന്ദ്രവും അടവി ഇക്കോ ടൂറിസവുമാണ്. അച്ചന്‍കോവിലാറിന്റെ കരയില്‍ സ്ഥിതിചെയ്യുന്ന ജൈവസമ്പന്നമായ വനപ്രദേശമാണ് കോന്നി. കേരളത്തിലെ ആദ്യകാല റിസര്‍വ് വനങ്ങളില്‍ ഒന്നുകൂടിയാണിവിടം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നി ആനക്കൂട്
ആനപരിശീലനകേന്ദ്രമെന്ന പേരില്‍ ലോകമെന്നും പ്രസിദ്ധിയാര്‍ജിച്ച കോന്നി വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം കൂടിയായിത്തീരുന്നത് എണ്ണമറ്റ സവിശേഷതകള്‍ കൊണ്ട് തന്നെയാണ്. ആനകളെ കാണാനും അവയെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ആഗ്രഹിക്കുന്നുവെങ്കിൽ കോന്നിയിലേക്ക് പോര് !

ചരിത്രാതീതകാലം മുതല്‍ കോന്നിയില്‍ ആനവളര്‍ത്തലും പരിശീലനവും ഉണ്ടായിരുന്നുവത്രേ. അതിന്റെ ശേഷിപ്പുപോലെ ഒരു പുരാതന ആനക്കൂട് ഇവിടെ സംരക്ഷിച്ചുപോരുന്നുണ്ട്. പൂര്‍ണമായും തടിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ആനക്കൂട് ഇവിടുത്തെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.

 


ആനക്കൊട്ടിൽ
കുട്ടിയാനകള്‍ മുതല്‍ പ്രായമായ ആനകള്‍ വരെ സംരക്ഷിക്കപ്പെടുന്നു. മാത്രമല്ല ആനകളുടെ ചിത്രങ്ങളും ,അസ്ഥികൂടവും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു മ്യസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

കോന്നി ആനക്കൂടിലെ കാഴ്ച,
ആനസവാരി, ആനയൂട്ട്, തുടങ്ങി ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് നിരവധി സൗകര്യങ്ങളും കാഴ്ചകളും വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

കോന്നിയില്‍ നിന്നും അടവിയിലേക്ക് പോയാലോ?

കോന്നി റിസര്‍വ് വനങ്ങളുടെ ഭാഗമായ അടവി നിബിഡവനങ്ങളാല്‍ സമ്പന്നമാണ്. കല്ലാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന പേരുവാലി മുതല്‍ അടവി വരെയുള്ള 5 കിലോമീറ്റര്‍ നദീതീരം മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രത്തിനും നല്‍കാൻ കഴിയാത്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്.

കല്ലാറിലൂടെയുള്ള കുട്ടവഞ്ചി സഞ്ചാരമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. കേരളത്തില്‍ ആദ്യമായി കുട്ടവഞ്ചി ടൂറിസം നടപ്പിലാക്കുന്നത് ഇവിടെയാണ്. വളരെ രസകരമാണ് കുട്ടവഞ്ചി യാത്ര.

കുട്ടവഞ്ചി യാത്ര
കല്ലാറില്‍ മുണ്ടോംമുഴി മുതല്‍ ഇരട്ടയാര്‍ വരെയുള്ള അഞ്ചുകീലോമീറ്റര്‍ ദൂരമാണ് കുട്ടവഞ്ചിയിലുള്ള സാഹസിക യാത്ര. ഒരു വഞ്ചിയില്‍ ഒരു സമയം 4 മുതല്‍ 6 പേര്‍ക്ക് വരെ സഞ്ചരിക്കാനാകും. ഒറ്റദിവസം കൊണ്ട് തന്നെ കോന്നി ആനവളര്‍ത്തൽ കേന്ദ്രവും അടവിയും സന്ദര്‍ശിച്ചു മടങ്ങാം.

കൊല്ലത്തുനിന്നും കൊട്ടാരക്കരയില്‍ നിന്നുമെല്ലാം കെഎസ്ആര്‍ടിസി അടക്കം ധാരാളം ബസ് സര്‍വീസ് കോന്നിയിലേക്കുണ്ട്. കോട്ടയം ഭാഗത്തുനിന്ന് നിന്ന് വരുന്നവർക്ക്, തിരുവല്ല, പത്തനംതിട്ട വഴി കോന്നിയിലെത്താം. മുണ്ടക്കയം ഭാഗത്തുനിന്ന് വരുന്നവർക്ക് എരുമേലി, റാന്നി വഴി കോന്നിയിലെത്താം. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം.
കോന്നി ആനക്കൂട് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ് അടവി ഇക്കോ ടൂറിസം കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടവി ഇക്കോ ടൂറിസം ഓഫീസുമായോ കോന്നി ഇക്കോ ടൂറിസം ഓഫിസുമായോ ബന്ധപ്പെടാം.

കോന്നി ഇക്കോ ടൂറിസം ഓഫീസ് – 0468-224765, 2342005

കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്- 0468- 2242233

Tags :