കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളെ മെഡിക്കല്‍ കോളേജ് അധികൃതര്‍ വിളിച്ചറിയിച്ചതില്‍ വിവാദം
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ക്ക് സംഭവ ദിവസം മെഡിക്കല്‍ കോളജില്‍നിന്ന് വന്ന ഫോണ്‍ കോളുകള്‍ വിവാദത്തില്‍.: കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ക്ക് സംഭവ ദിവസം മെഡിക്കല്‍ കോളജില്‍നിന്ന് വന്ന ഫോണ്‍ കോളുകള്‍ വിവാദത്തില്‍.
ഡോക്ടര്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയ ആഗസ്റ്റ് 9 ന് തുടരെത്തുടരെ മൂന്ന് കോളുകള്‍ വന്നത്. മകള്‍ക്ക് സുഖമില്ലെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ആദ്യ കോളിലെ ആവശ്യം.
പിന്നീട് മകള്‍ ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞ് അടുത്ത കോള്‍ വന്നു. അല്‍പം കഴിഞ്ഞ് ‘മകള്‍ മരിച്ചു, ആത്മഹത്യയാണെന്നാണ് കരുതുന്നത്’ എന്ന് പറഞ്ഞാണ് മൂന്നാമത്തെ കോള്‍. മെഡിക്കല്‍ കോളജ് അസി. സൂപ്രണ്ട് എന്ന് സ്വയം പരിചയപ്പെടുത്തിയ വനിതയാണ് മൂന്ന് തവണയും വിളിച്ചത്. ഇതിന്റെ ഓഡിയോ റെക്കോര്‍ഡുകള്‍ വ്യാഴാഴ്ചയാണ് പുറത്തുവന്നത്. അതേസമയം, ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. കോള്‍ റെക്കോര്‍ഡുകള്‍ പുറത്തുവന്നതോടെ ക്രൂരമായ കുറ്റകൃത്യം മൂടിവെക്കാന്‍ ആശുപത്രി അധികൃതര്‍ ആദ്യം ശ്രമിച്ചിരുന്നോ എന്ന ചോദ്യമുയര്‍ത്തി നിരവധി പേര്‍ രംഗത്തുവന്നു. ഈ ഫോണ്‍കോളാണ് ബംഗാള്‍ സര്‍ക്കാറിനും വലിയ ഡാമേജ് ഉണ്ടാക്കിയത്. ഈ ഫോണ്‍വിളികള്‍ക്ക് പിന്നിലെ ലക്ഷ്യം അടക്കം സംശയിക്കപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരേ നമ്ബറില്‍ നിന്ന് ഏകദേശം 30 മിനിറ്റിനുള്ളിലാണ് മൂന്ന് കോളും വന്നത്. ‘ഞാന്‍ ആര്‍ജി കര്‍ ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്. നിങ്ങള്‍ക്ക് ഉടന്‍ ഇവിടെ വരാമോ’ എന്നായിരുന്നു രാവിലെ 10.53ഓടെ വന്ന ആദ്യഫോണ്‍ കോളില്‍ ഇരയുടെ പിതാവിനോട് ചോദിച്ചത്. ‘എന്തിനാണ് എന്താണ് സംഭവിച്ചത്’ എന്ന് പിതാവ് ചോദിച്ചപ്പോള്‍ ‘നിങ്ങളുടെ മകള്‍ക്ക് ചെറിയ അസുഖമുണ്ട്. ഞങ്ങള്‍ അവളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. വേഗം വരാമോ’ എന്നായിരുന്നു മറുപടി.
കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ രക്ഷിതാവ് നിര്‍ബന്ധിച്ചപ്പോള്‍ ‘ഡോക്ടര്‍മാര്‍ക്ക് മാത്രമേ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയൂ. നിങ്ങളുടെ നമ്ബര്‍ കണ്ടെത്തി നിങ്ങളെ വിളിക്കാന്‍ മാത്രമാണ് ഞങ്ങളെ ഏല്‍പിച്ചത്. വേഗം വരൂ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കി, നിങ്ങള്‍ വന്ന ശേഷം ഡോക്ടര്‍മാര്‍ നിങ്ങളെ അറിയിക്കും’ -എന്നായിരുന്നു വിളിച്ച വനിതയുടെ മറുപടി. ‘അവള്‍ക്ക് പനിയാണോ’ എന്ന് അച്ഛനോടൊപ്പം ഉണ്ടായിരുന്ന അമ്മ ചോദിച്ചപ്പോള്‍ ‘വേഗം വരൂ’ എന്നായിരുന്നു മറുതലക്കല്‍ നിന്നുള്ള മറുപടി. ‘അവളുടെ നില ഗുരുതരമാണോ’ എന്ന് അച്ഛന്‍ ചോദിച്ചു. ‘അതെ, അവള്‍ ഗുരുതരാവസ്ഥയിലാണ്.. വേഗം വാ’ എന്ന് വിളിച്ചയാള്‍ പറഞ്ഞു. ഒരു മിനിറ്റും 11 സെക്കന്‍ഡുമാണ് ആദ്യകോള്‍ കോള്‍ നീണ്ടുനിന്നത്.
അഞ്ച് മിനിറ്റിനുശേഷം ഏകദേശം 46 സെക്കന്‍ഡ് നീണ്ട രണ്ടാമത്തെ ഫോണ്‍ കോള്‍ എത്തി. നേരത്തെ വിളിച്ച വനിത തന്നെയാണ് ഇത്തവണയും വിളിച്ചത്. ‘അവളുടെ നില ഗുരുതരമാണ്, വളരെ ഗുരുതരമാണ്. കഴിയുന്നതും വേഗം വരൂ’ എന്നാണ് ഫോണ്‍ എടുത്ത ഉടന്‍ പറഞ്ഞത്. തന്റെ മകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് പിതാവ് വീണ്ടും ചോദിച്ചപ്പോള്‍ ‘ഡോക്ടര്‍മാര്‍ക്ക് മാത്രമേ അത് പറയാന്‍ കഴിയൂ. നിങ്ങള്‍ ദയവായി വരൂ.’ എന്ന് ആവര്‍ത്തിക്കുകയാണ് വിളിച്ചയാള്‍ ചെയ്തത്.
ആരാണ് വിളിക്കുന്നതെന്ന് വ്യക്തമാക്കൂ എന്ന് പിതാവ് പറഞ്ഞപ്പോള്‍ ‘ഞാന്‍ അസിസ്റ്റന്റ് സൂപ്രണ്ടാണ്. നിങ്ങളുടെ മകളെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. നിങ്ങള്‍ ദയവായി വന്ന് ഞങ്ങളെ ബന്ധപ്പെടൂ’ എന്നായിരുന്നു മറുപടി. ‘അവള്‍ക്ക് എന്താണ് സംഭവിച്ചത് അവള്‍ ഡ്യൂട്ടിയിലായിരുന്നു’ എന്ന് പരിഭ്രാന്തിയോടെ അമ്മ പറയുന്നത് കേള്‍ക്കാം. ‘നിങ്ങള്‍ വേഗം വരൂ, കഴിയുന്നതും വേഗം’ എന്നായിരുന്നു മറുപടി.
മൂന്നാമത്തെ വിളിയിലാണ് മകള്‍ മരിച്ചതായും ആത്മഹത്യയാണെന്നും പറയുന്നത്. ‘ദയവായി കേള്‍ക്കൂ… ഞങ്ങള്‍ നിങ്ങളോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു… നിങ്ങളുടെ മകള്‍… ആത്മഹത്യ ചെയ്തിരിക്കാം… അല്ലെങ്കില്‍ മരിച്ചതാകാം. പൊലീസ് ഇവിടെയുണ്ട്. ഹോസ്പിറ്റലില്‍ ഞങ്ങള്‍ എല്ലാവരുമുണ്ട്. നിങ്ങള്‍ വേഗം വരാനാണ് വിളിക്കുന്നത്’ -28 സെക്കന്‍ഡ് നീണ്ടുനിന്ന കോളില്‍ പറഞ്ഞു.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള സംശയാസ്പദമായ ഈ ഫോണ്‍വിളിയെക്കുറിച്ച് സി.ബി.ഐയും അന്വേഷിക്കുന്നുണ്ട്. കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ ആസൂത്രിത ശ്രമം നടന്നിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ ആശുപത്രി അധികൃതരും പൊലീസും ഗൂഢാലോചന നടത്തുകയായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. കുറ്റകൃത്യത്തിന്റെ ഭീകരതയെക്കുറിച്ച് പൂര്‍ണ്ണമായി അറിയാവുന്ന ആശുപത്രി മാനേജ്മെന്റ് എങ്ങനെയാണ് ഇത്ര നിസ്സംഗതയോടെ രക്ഷിതാക്കളെ വിവരം അറിയിക്കുന്നതില്‍ കൃത്രിമം കാണിച്ചതെന്ന് കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമരം തുടരുന്ന വിദ്യാര്‍ഥി ചോദിച്ചു.