കോടിമത സഹകരണ ബാങ്കിലെ ഒരു കിലോ സ്വർണ്ണം കാണാതായ സംഭവം മോഷണം തന്നെ; തട്ടിപ്പ് നടത്തിയത് ജീവനക്കാരി; ബാങ്കിന്റെ കീഴുക്കുന്ന് ശാഖയിൽ തന്നെ പണയം വച്ചു തട്ടിപ്പ്; സംഭവത്തിൽ പുനരന്വേഷണത്തിനൊരുങ്ങി വിജിലൻസ്

കോടിമത സഹകരണ ബാങ്കിലെ ഒരു കിലോ സ്വർണ്ണം കാണാതായ സംഭവം മോഷണം തന്നെ; തട്ടിപ്പ് നടത്തിയത് ജീവനക്കാരി; ബാങ്കിന്റെ കീഴുക്കുന്ന് ശാഖയിൽ തന്നെ പണയം വച്ചു തട്ടിപ്പ്; സംഭവത്തിൽ പുനരന്വേഷണത്തിനൊരുങ്ങി വിജിലൻസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോടിമത സഹകരണ ബാങ്കിൽ നിന്നും ഒരു കിലോ സ്വർണ്ണം തട്ടിയെടുത്ത സംഭവത്തിൽ പുനരന്വേഷണത്തിനൊരുങ്ങി വിജിലൻസ്. മോഷണത്തിനു സമാനമായ തട്ടിപ്പ് തന്നെയാണ് ബാങ്കിൽ നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ബാങ്കിലെ ജീവനക്കാരി തന്നെയാണ് സ്വന്തം ബന്ധുവിന്റെ പേരിൽ സ്വർണ്ണം പണയം വച്ച് പണം തട്ടിയെടുത്തതെന്നാണ് കണ്ടെത്തൽ. ഭരണകക്ഷിയുടെ നിയന്ത്രണത്തിലുള്ള ബാങ്കിലെ തട്ടിപ്പ് ഒതുക്കിത്തീർക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ, ഇപ്പോൾ വിജിലൻസ് കേസ് പുനരന്വേഷിക്കാൻ ഒരുങ്ങുന്നത് സി.പി.എമ്മിനു തന്നെ തിരിച്ചടിയായിരിക്കുകയാണ്. വിചാരണ നടക്കുന്ന കേസിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഇപ്പോൾ കത്ത് നൽകിയിരിക്കുന്നത്.

2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. കോടിമത സർവീസ് സഹകരണ ബാങ്കിൽ പണയം വച്ച ഒരു കിലോ സ്വർണ്ണത്തിൽ നിന്നാണ് ഒരു ഭാഗം കാണാതായത്. 2016 ൽ ബാങ്കിൽ നിന്നും 87 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് വിജിലൻസ് സംഘം ഈ സ്വർണ്ണത്തട്ടിപ്പും കണ്ടെത്തിയത്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ ജീവനക്കാരിയെ ചോദ്യം ചെയ്തതോടെയാണ് ഒരു കിലോ സ്വർണ്ണം പണയം വച്ചു തട്ടിയെടുത്തതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ജീവനക്കാരിയുടെ ബന്ധുവിന്റെ പേരിൽ ബാങ്കിന്റെ കീഴുക്കുന്ന് ശാഖയിലാണ് സ്വർണ്ണം പണയം വച്ചിരുന്നത്. ഇവരുടെ ബന്ധുവിന്റെ പേരിൽ 909 ഗ്രാം കോടിമത സർവീസ് സഹകരണ ബാങ്കിന്റെ കീഴുക്കുന്ന് ശാഖയിലും, ബാക്കി സ്വർണ്ണം മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഇവർ പണയം വയ്ക്കുകയായിരുന്നു. കോടിമത ശാഖയിൽ നിന്നും കാണാതായ സ്വർണം മുഴുവനും ജീവനക്കാർ ചേർന്നു പിരിവിട്ട് തിരികെ വാങ്ങി നൽകിയിരുന്നു.

കുറ്റക്കാരാണ് എന്നു കണ്ടെത്തിയ ജീവനക്കാർക്കെതിരെ ബാങ്ക് ഭരണസമിതി നടപടിയെടുത്തിരുന്നു. എന്നാൽ, അന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കളവ് പോയ സ്വർണ്ണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ കേസിൽ ചോദ്യം ചെയ്ത ഉദ്യോഗസ്ഥയെ അന്ന് പ്രതി ചേർത്തിരുന്നില്ല. സ്വർണ്ണം പണയം വച്ചു ലഭിച്ച പണം മുഴുവനും ഇവർ വീടുവാങ്ങുന്നതിനും, ആഡംബരകാർ വാങ്ങുന്നതിനും അടക്കമാണ് ദുരുപയോഗം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്.