സ്വന്തം ജീവൻ ബലികൊടുത്ത് യജമാനന്റെ ജീവൻ കാക്കാൻ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പി കടിച്ചുമാറ്റിയ അപ്പൂസ് യാത്രയായി ; വളർത്തുനായ ജീവൻ ബലി നൽകിയപ്പോൾ രക്ഷപ്പെട്ടത് കോട്ടയം ചാമംപതാൽ സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ

കോട്ടയം: പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ നിന്നും യജമാനന്റെ ജീവൻ രക്ഷിച്ച അപ്പൂസ് യാത്രയായി. പാലുവാങ്ങാൻ ഇറങ്ങിയ അജേഷ് എന്ന യജമാനന്റെ ജീവൻ രക്ഷപ്പെടുത്താൻ പൊട്ടിവീണ ലൈൻ കമ്പി കടിച്ചെടുത്ത് മാറ്റിയാണ് അപ്പൂസ് യാാത്രയായി.

അജേഷിനൊപ്പം പാലുവാങ്ങാൻ ഇറങ്ങിയതായിരുന്നു അപ്പൂസ്. പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് തെറിച്ചുവീണെങ്കിലും യജമാനനെ രക്ഷിക്കാനുള്ള രണ്ടാം പരിശ്രമത്തിലാണ് അപ്പൂസ് മരണത്തിന് കീഴടങ്ങിയത്.

ചാമംപതാൽ വാഴപ്പള്ളി വിജയന്റെ മകൻ അജേഷിനാണ്(32) വളർത്തുനായയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. അജേഷിന് മുന്നേ ഓടിപ്പോയ അപ്പൂസ് ഇടവഴിയിലൂടെ നടന്നിറങ്ങുന്ന സമയത്ത് പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽ തട്ടി.

എന്നാൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് അപ്പൂസ് പത്തടിയോളം ദൂരെ തെറിച്ചുവീണു. അപകടം മനസ്സിലാക്കിയ അപ്പൂസ് അജേഷ് ഓടിയെത്തിയപ്പോൾ മുൻപോട്ടുവിടാതെ കുരച്ചുകൊണ്ട് തടഞ്ഞു. പിന്നെ ചാടിയെത്തി കമ്പി കടിച്ചെടുത്ത് നീക്കിയിടുകയായിരുന്നു. തുടർന്ന് കടിച്ചുപിടിച്ച കമ്പിയുമായി വീണ അപ്പൂസ് ഷോക്കേറ്റ്, മരണത്തിനെ വരിക്കുകയായിരുന്നു.

തുടർന്ന് അജേഷ് അയൽവാസികളെയും കെ.എസ്.ഇ.ബി. ഓഫീസിലും വിവരമറിയിച്ചു. അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമാണ് നായയുടെ ജഡം മാറ്റിയത്. ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കൂട്ടിക്കെട്ടിയ ഭാഗം കാലപ്പഴക്കത്താൽ വേർപെട്ടുപോയതാണ് വൈദ്യുതിക്കമ്പി പൊട്ടിവീഴാൻ കാരണം.