Spread the love

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് വീണ്ടും അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പുനരന്വേഷണം വേണോ തുടരന്വേഷണം വേണമോയെന്ന നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് ഉടൻ കോടതിയെ സമീപിക്കാനാണ് മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

video
play-sharp-fill

ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. കൊടകര കുഴൽപ്പണക്കേസിൽ ഒരു പ്രാവശ്യം തുടരന്വേഷണം നടന്നിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിൽ 22 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. തുടരന്വേഷണത്തിൽ ഒരു പ്രതിയെ കൂടി ഉൾപ്പെടുത്തി കുറ്റപത്രം നൽകുകയായിരുന്നു.

കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയർന്ന ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ഏപ്രിൽ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.

തൃശ്ശൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ തൃശൂർ പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തിൽ 1,58,48,801 രൂപയാണ് വീണ്ടെടുത്തത്. 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തി.