
സ്വന്തം ലേഖിക
കൊച്ചി: കൊച്ചിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി മരട് സ്വദേശി സഫര്‍ ഷാക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.
കൊലപാതകത്തിനും പോക്സോ നിയമപ്രകാരവുമാണ് ഇരട്ട ജീവപര്യന്തം തടവിന് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ നേരത്തെ സഫര്‍ ഷാ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവപര്യന്തം തടവിനുപുറമെ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുക എന്നീ കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി.
സ്കൂള്‍ വിദ്യാര്‍ത്ഥിയും, നാലര മാസം ഗര്‍ഭിണിയുമായ പെണ്‍കുട്ടിയെ മലക്കപ്പാറയില്‍ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ജനുവരി മാസത്തിലായിരുന്ന് കേസിനാസ്പദമായ സംഭവം.
ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് മോഷ്ടിച്ച വാഹനത്തിലാണ് പെണ്‍കുട്ടിയെ സ്കൂളിലേക്ക് പോകും വഴി പ്രതി കടത്തി കൊണ്ട് പോയത്. പെണ്‍കുട്ടി സൗഹൃദത്തില്‍ നിന്ന് പിന്മാറിയതില്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് നിര്‍ബന്ധിച്ചാണ് സഫര്‍ ഷാ കുട്ടിയെ വാഹനത്തില്‍ കയറ്റിയത്. എന്നാല്‍, യാത്രാമധ്യേ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെടുമ്പോ ള്‍ നാലര മാസം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി. മൃതദേഹം കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു. പിന്നീട് വാല്‍പ്പാറയ്ക്ക് സമീപം കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പൊലീസ് അറസ്റ്റുചെയ്തത്. സ്കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
സ്കൂളിലേക്ക് പോയ മകള്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളാണ് കൊച്ചി സെൻട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. സഫര്‍ഷാ മകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും പിന്തുടര്‍ന്ന് ഉപദ്രവിച്ചിരുന്നതായും അച്ഛൻ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് തമിഴ്നാട് പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.









