കോവിഡിനിടയിലും പട്ടിണിപാവങ്ങളെ ഞെക്കിപ്പിഴിത്ത് കൈക്കൂലിക്കാർ ; രാജാക്കാട്ടെ കൊള്ളക്കാർ വിജിലൻസ് പിടിയിൽ
സ്വന്തം ലേഖകൻ
തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറെയും എക്സ്റ്റന്‍ഷന്‍ ഓഫീസറെയും വിജിലന്‍സ് പിടികൂടി.
ബിഡിഒ ഷൈമോന്‍ ജോസഫും എക്സറ്റന്‍ഷന്‍ ഓഫിസര്‍ നാദിര്‍ഷയുമാണ് പിടിയിലായത്. പരാതിക്കാരന്റെ രാജാക്കാട്ടെ വീട്ടിലെത്തി പണം വാങ്ങുന്നതിനിടെയാണ് ഇവരുവരെയും അറസ്റ്റു ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ജലസേചനത്തിനായി നിര്‍മിക്കുന്ന കുളത്തിന്റെ നിര്‍മ്മാണ കരാര്‍ കാലാവധി നീട്ടി നല്‍കാമെന്നും ഇതിനായി വ്യാജ മിനിറ്റ്സ് തയ്യാറാക്കാമെന്നും പറഞ്ഞാണ് നെടുങ്കണ്ടം ബിഡിഒ ഷൈമോന്‍ ജോസഫും പി ആന്‍ഡ് എം എക്സറ്റന്‍ഷന്‍ ഓഫിസര്‍ നാദിര്‍ഷയും കൈക്കൂലി ആവശ്യപ്പെട്ടത്.
രാജാക്കാട് കള്ളിമാലി സ്വദേശിയോട് പണം ചോദിച്ചത്. കള്ളിമാലി കാര്‍ഷിക ജലസേചന പദ്ധതിക്കായി കുളം നിര്‍മ്മിക്കുന്നതിന് ഇദ്ദേഹം 2019ല്‍ അഞ്ച് സെന്റ് സ്ഥലം ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി നല്‍കിയിരുന്നു. 25 ലക്ഷം രൂപ കുളം നിര്‍മ്മിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ജലവിഭവ വകുപ്പുമായി ചേര്‍ന്ന് 2020 ഫെബ്രുവരിയില്‍ പണി തുടങ്ങി. ഈ മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കേണ്ടതാണ്.
കുളം നിര്‍മ്മിച്ചെങ്കിലും ചുറ്റുമുള്ള കോണ്‍ക്രീറ്റ് ജോലികള്‍ കൊവിഡ് കാരണം പൂര്‍ത്തിയായില്ല. ഇതിനിടെ ബിഡിഒ ഷൈമോന്‍ സ്ഥലം സന്ദര്‍ശിച്ചു. പദ്ധതി കൊണ്ട് വ്യക്തിപരമായ ലാഭം സ്ഥലം ഉടമക്കാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഉപഭോക്താക്കളായ കര്‍ഷകരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കുളം വ്യക്തിപരമായി ഉപയോഗിക്കുന്നത് ആരെങ്കിലും പരാതിപ്പെട്ടാല്‍ പ്രശ്‌നമാകുമെന്നും അങ്ങനെ വരാതിരിക്കാന്‍ ഗുണഭോക്താക്കളുട യോഗം വിളിച്ചതായി മിനിറ്റ്‌സ് തയ്യാറാക്കാമെന്നും വേണ്ടതു പോലെ കാണണമെന്നും ഷൈമോന്‍ പറഞ്ഞു.
മിനിറ്റ്‌സ് തയ്യാറാക്കാന്‍ 20000 രൂപയും ക്ലര്‍ക്കിന് 10000 രൂപയും വേണമെന്നും അറിയിച്ചു. അത്രയും പണം ഉണ്ടാകില്ലെന്നു അറിയിച്ചപ്പോള്‍ 25000 രൂപക്ക് സമ്മതിച്ചു. തുടന്ന് സ്ഥലമുടമ ഇടുക്കി വിജിലന്‍സില്‍ പരാതി നല്‍കി.
പരാതിക്കാരന്റെ രാജാക്കാട് കള്ളിമാലിയിലുള്ള വീട്ടില്‍ വച്ച് കൈക്കൂലി പണം വാങ്ങുന്നതിനിടെയാണ് പുറത്തു കാത്തു നിന്ന വിജിലന്‍സ് സംഘം ഇരുവരേയും പിടികൂടിയത്. പ്രതികളെ തൃശൂരിലെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
വിജിലൻസ് എസ് പി വി ജി വിനോദ്കുമാറിൻ്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി രവികുമാർ, ഐ ഒ പി മാരായ റജി കുന്നിപ്പറമ്പൻ, രാഹുൽ രവീന്ദ്രൻ, ബിജു റ്റി, എസ് ഐ സന്തോഷ്, എ എസ് ഐമാരായ സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, ബിജു വർഗീസ്, സജീവ്കുമാർ, ഷാജിമോൻ, സജ്ജയ്, സി പി ഒ മാരായ അനൂപ്, സജീവ്, രാജേഷ് ടി ആർ, സൂരജ്, വനിതാ സിവിൽ പൊലീസ് ഓഫീസർ രഞ്ജിനി കെ പി എന്നിവരുൾപ്പെട്ട ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്