കെവിൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്: നിയന്ത്രണം വിട്ട കാർ മതിലിലേക്ക് പാഞ്ഞുകയറി

കെവിൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്: നിയന്ത്രണം വിട്ട കാർ മതിലിലേക്ക് പാഞ്ഞുകയറി

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഗിരിഷ് പി സാരഥിക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ തോട്ടയ്ക്കാട് സ്കൂൾ ജംഗ്ഷനിലായിരുന്നു അപകടം.
ജില്ലയിലെ രാത്രി പെട്രോളിംഗിന്റെ പരിശോധനാ ചുമതല ഇദേഹത്തിനായിരുന്നു. പെട്രോളിംഗ് ഡ്യൂട്ടിക്ക് ശേഷം പുലർച്ചെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച രാവിലെ അഞ്ചരയോടു കൂടി അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം തോട്ടയ്ക്കാട് സ്കൂൾ ജംഗ്ഷനിലെ വളവിൽ നിയന്ത്രണം തെറ്റി മതിലിൽ ഇടിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അദ്ദേഹത്തെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയത്.
നട്ടെല്ലിനും, കൈക്കും, പല്ലിനും പരിക്കേറ്റ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിനു സാരമായി പരിക്കേറ്റിട്ടുണ്ട്. വായിലെ അഞ്ചോളം പല്ലുകൾ നഷ്ടമായിട്ടുണ്ട്.
കെവിൻ വധക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തലവനാണ് ഗിരീഷ് പി. സാരഥി. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ബൈക്ക് ഇടിച്ച് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അജേഷ് മരിച്ചതിന് പിന്നാലെയുണ്ടായ അപകടം ജില്ലയിലെ പൊലീസിനും ഞെട്ടലായി.