പൊലീസിൽ 10 ഡിവൈഎസ്പിമാരടക്കം 747 ക്രിമിനലുകൾ; ഐപിഎസ് ക്രിമിനലുകളുടെ കണക്ക് പുറത്ത് വിടാതെ സർക്കാർ; പിടിച്ചുപറിക്കേസിലടക്കം പ്രതിയും, ഗുണ്ടാലിസ്റ്റിൽ പെട്ടയാളും കോട്ടയത്ത് പൊലീസായി; കൈക്കൂലിയുമായി കോട്ടയം ജില്ലയിൽ മാത്രം പിടിയിലായത് സി.ഐ അടക്കം നാല് പേർ; 747 ക്രിമിനലുകൾ കാരണം ആയിരക്കണക്കിന് പൊലീസുകാർ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ

ഏ.കെ.ശ്രീകുമാർ

കോട്ടയം: ഉരുട്ടിക്കൊല, തല്ലിക്കൊല്ലുക, കസ്റ്റഡി മരണം, ലാത്തിയേറ്, പീഡനക്കേസ്, പുരാവസ്തു വിൽപന, കൈക്കൂലി, മരിച്ചയാളുടെ മൊബൈൽ മോഷണം, തീവ്രവാദ ബന്ധം തുടങ്ങി അടുത്തകാലത്ത് പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങൾ നിരവധി.

മാസങ്ങൾക്ക് മുൻപ് പണം ഇടപാടിനെ ചൊല്ലി കൊച്ചിയിൽ അയൽവാസിയായ ഓട്ടോഡ്രൈവറെ തല്ലിക്കൊല്ലാൻ നേതൃത്വം നൽകിയതും പൊലീസുകാരനാണ്

ഇടപ്പള്ളി നോർത്ത് സ്വദേശി സ്വദേശി ഓട്ടോ ഡ്രൈവർ കണ്ണനെന്നു വിളിക്കുന്ന കൃഷ്ണകുമാറിനെ(32) ഇടപ്പള്ളിയിലെ പുഴക്കരയിൽ കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അമൃത ആശുപത്രിക്ക് സമീപം വൈമേലിൽ ബിജോയ് ജോസഫ്(35) അറസ്റ്റിലായത്.

മദ്യപിച്ച് പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ ബഹളമുണ്ടാക്കിയതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ബിജോയ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിനെ നേർവഴിക്ക് നടത്താൻ മേലുദ്യോഗസ്ഥരുടെ വക നിരന്തരമുള്ള തിട്ടൂരം.. എന്നിട്ടും പഠിക്കുന്നില്ലേ, നമ്മുടെ പൊലീസ്. ജനം ചോദിക്കുന്നത് ഇതാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും പൊലീസിൽ നിന്ന് പൊതുജനത്തിന് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ നിരവധിയാണ്.

വാഹന പരിശോധനയ്ക്കിടെ കടയ്ക്കലിൽ ബൈക്ക് യാത്രികനെ ലാത്തിക്കെറിഞ്ഞിട്ടതും സഹപ്രവർത്തകയുടെ മകളെ ഉപദ്രവിക്കാൻ ശ്രമിച്ച എസ്.ഐയ്ക്കും ഇതുമാത്രമല്ല, മുമ്പ് കസ്റ്റഡിക്കൊല ഉൾപ്പെടെയുള്ള കേസുകളിലും പൊലീസ് പഴികേട്ടതാണ്. അപ്പോഴൊക്കെ തിരുത്തൽ നടപടിയുമായി മേലുദ്യോഗസ്ഥർ എത്തും. എന്നാൽ, ദിവസങ്ങൾ പിന്നിടുമ്പോൾ കാര്യങ്ങൾ പഴയപടി. തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ലെന്ന മട്ടിലാണ് പൊലീസിന്റെ ഈ പോക്ക്.

തീവ്രവാദ ബന്ധം ആരോപിച്ച് ഡിവൈഎസ്പിയെ സസ്പെൻറ് ചെയ്തതും രണ്ട് മാസം മുൻപ് മാത്രമാണ്. ട്രയിൻ തട്ടി മരിച്ചയാളിൻ്റെ മൊബൈൽ എസ്.ഐ തന്നെ അടിച്ച് മാറ്റി സ്വന്തം സിം ഇട്ട് ഉപയോഗിച്ചതും കഴിഞ്ഞ ദിവസമായിരുന്നു. ഈ കേസിൽ എസ് .ഐ ഇപ്പോൾ സസ്പെൻഷനിലാണ്

സർക്കാരിനൊപ്പം പൊലീസ് മേധാവിസ്ഥാനത്തും പുതിയ ആളെത്തിയെങ്കിലും കാര്യങ്ങൾ പഴയപടി തന്നെയാണ്

കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തുകയും കർശന നടപടി കൈക്കൊള്ളുകയും ചെയ്തിട്ടും പൊലീസുകാർ പ്രതിസ്ഥാനത്താകുന്ന കേസുകൾക്ക് കുറവുണ്ടായിട്ടില്ല. പൊലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ല ചിന്തകൾക്കുമായി യോഗയും സകുടുംബം ടൂറുമുൾപ്പെടെ പദ്ധതികൾ പലതും ആവിഷ്കരിച്ചിട്ടും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല എന്നതാണ് അടുത്തകാലത്തുണ്ടായ സംഭവങ്ങൾ തെളിയിക്കുന്നത്. സേനയിൽ ക്രിമിനൽ കേസുകളിൽപ്പെട്ടവരുടെ പട്ടിക തയാറാക്കിയിട്ടും കാര്യമായ നടപടി സ്വീകരിക്കാത്തതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നുവെന്നാണ് ആക്ഷേപം.

മാത്രമല്ല, കേവലം ഒരു സസ് പെൻഷനിൽ മാത്രം പലപ്പോഴും അച്ചടക്ക നടപടി ഒതുങ്ങാറാണ് പതിവ്. ഇതെല്ലാം പൊലീസിൽ ക്രിമിനൽ കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എളുപ്പമാവുന്നു. രാപ്പകലില്ലാതെ സത്യസന്ധമായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് സേനാംഗങ്ങളെക്കൂടി കളങ്കപ്പെടുത്തുന്നതാണ് ചെറിയ ശതമാനം പൊലീസുകാരുടെ ഇത്തരം പ്രവർത്തികൾ

പൊലീസിലെ ക്രിമിനലുകൾ: 747

ഡിവൈ.എസ്.പി – 10

സി.ഐമാർ – 8
എസ്.ഐ, എ.എസ്.ഐ – 195

പൊലീസുകാർ – 534

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ നിയോഗിക്കപ്പെട്ടവർ കൊടും ക്രിമിനലുകളായാൽ എന്ത് ചെയ്യും.

പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ ഗുരുതര പിഴവ് സംഭവിക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് പുറത്ത് വരുന്നത്.

കവർച്ചയും, പിടിച്ചുപറിയും കൊലപാതക ശ്രമവുമടക്കം നടത്തി നാട്ടുകാരെ മുൾമുനയിൽ നിർത്തിയിരുന്നതും, പാലാ പൊലീസിൻ്റെ ഗുണ്ടാലിസ്റ്റിൽ പെട്ടിരുന്നതുമായ യുവാവും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണ നല്കാനുള്ള ചുമതല ഏറ്റെടുത്ത് പൊലീസായി

പൊലീസുകാരനെതിരായ കേസുകളും, വകുപ്പുകളും

1, ഐ.പി.സി 326,324 സെക്ഷനുകളിൽ

2, ഐ.പി.സി. 427,395

3, ഐ.പി.സി. 120, 397, 414

4, ഐ.പി.സി. 143, 147,148, 324, 323, 294, 427, 149

5, കെ.ജി. ആക്ട് 7, 8

അഞ്ച് കേസുകളിൽ നാലിലും ഗുരുതരമായ കുറ്റകൃത്യം ചെയ്തയാളാണ് പൊലീസായി മാറിയത്.

നിലവിൽ കുട്ടിക്കാനം കെ.എ.പി. ക്യാമ്പിലുള്ള പൊലീസുകാരൻ രണ്ട് മാസത്തോളം കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലും ജോലി ചെയ്തു.

കൈക്കൂലിയുമായി കോട്ടയം ജില്ലയിൽ മാത്രം പിടിയിലായത് സി.ഐ. അടക്കം നാല് പേരാണ്. മുണ്ടക്കയം സി.ഐ. ഷിബു കുമാറും, കടുത്തുരുത്തി, രാമപുരം സ്റ്റേഷനുകളിലെ ഗ്രേഡ് എസ് ഐ മാരേയും കൈക്കൂലിക്കേസിൽ പിടികൂടിയപ്പോൾ ഡി സി ആർ ബിയിലെ എസ്ഐ സസ്പെൻഷനിലുമായി