
പട്ടികജാതി വിദ്യാർഥികൾക്ക് പഠന ധനസഹായം; ജില്ലയിൽ മൂന്നു മാസത്തിനിടെ നൽകിയത് 1.68 കോടി
സ്വന്തം ലേഖകൻ
കോട്ടയം: കഴിഞ്ഞ മൂന്നു മാസക്കാലം ജില്ലയിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പഠന ധനസഹായമായി 1.68 കോടി രൂപ വിതരണം ചെയ്തു. സർക്കാരിൻറെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി 8443 കുട്ടികൾക്കാണ് പട്ടികജാതി വികസന വകുപ്പ് ധനസഹായം നൽകിയത്. പുസ്തകങ്ങൾക്കും പഠന സാമഗ്രികൾക്കുമുള്ള ധനസഹായത്തിനൊപ്പം ഓൺലൈൻ ക്ലാസുകളുടെ ഇൻറർനെറ്റ് ചാർജ് ഉൾപ്പെടെയാണ് നൽകുന്നത്. വീടുകളിൽ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാൽ പഠനത്തിൽ പിന്നിലായ 20 പട്ടികജാതി വിദ്യാർഥികൾക്ക് പഠന മുറികൾ നിർമിച്ചു നൽകി. ഇതിന് 26. 20 ലക്ഷം രൂപയാണ് ചെലവിട്ടത്.
ഭൂരഹിത പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ആറു പട്ടികജാതി കുടുംബങ്ങൾക്ക് അഞ്ച് സെൻറ് സ്ഥലം വീതം അനുവദിച്ചു. 22.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്. ഇതോടൊപ്പം വിവിധ കാരണങ്ങളാൽ നിർമ്മാണം പാതിവഴിയിൽ നിലച്ച 44 വീടുകൾ പൂർത്തീകരിച്ചു നൽകി. 1.14 കോടി രൂപയുടെ പദ്ധതിയാണിത്. വിദേശ തൊഴിൽ ധനസഹായം, ചികിത്സാ ധനസഹായം തുടങ്ങിയവയ്ക്കായി 19.98 ലക്ഷം രൂപ അനുവദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി പെൺകുട്ടികളുടെ വിവാഹത്തിന് സഹായമായി 1.15 കോടി രൂപ വിതരണം ചെയ്തു. ജില്ലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ 154 ഗുണഭോക്താക്കൾക്കാണ് ധനസഹായം നൽകിയത്. മിശ്രവിവാഹിതരായ എട്ട് ദമ്പതികൾക്കായി ആറ് ലക്ഷം രൂപ നൽകി. മിശ്ര വിവാഹിതരായ ദമ്പതികൾക്ക് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ധനസഹായമെന്ന നിലയിലാണ് തുക നൽകുന്നത്.