play-sharp-fill
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഉടൻ അനുമതിയില്ല; കേരളത്തിൻ്റെ ഡിപിആർ  അപൂർണമെന്ന് കേന്ദ്രം; കൂടുതൽ വിവരങ്ങൾ പരിശോധിക്കും

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഉടൻ അനുമതിയില്ല; കേരളത്തിൻ്റെ ഡിപിആർ അപൂർണമെന്ന് കേന്ദ്രം; കൂടുതൽ വിവരങ്ങൾ പരിശോധിക്കും

സ്വന്തം ലേഖിക

ന്യൂഡൽഹി: കേരള സര്‍ക്കാരിൻ്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.


കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
സാങ്കേതികമായും, സാമ്പത്തികമായും പ്രായോഗികമാണോ എന്ന് ഡിപിആറില്‍ വ്യക്തമാക്കുന്നില്ല. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും
ഈ സാഹചര്യം കണക്കിലെടുത്ത് സില്‍വര്‍ ലൈനിന് വേഗം അനുമതി നല്‍കാനാവില്ലെന്നുമാണ് കേന്ദ്രം അറിയിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച്‌ എന്‍.കെ.പ്രേമചന്ദ്രന്‍, കെ.മുരളീധരന്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണോവാണ് പദ്ധതിയിലെ കേന്ദ്രനിലപാട് വ്യക്തമാക്കിയത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും പരിഗണിക്കേണ്ടതുണ്ട്.

ഈ രണ്ട് റിപ്പോര്‍ട്ടുകളും കൂടി സമര്‍പ്പിക്കാന്‍ നോഡല്‍ ഏജന്‍സിയായ കേരള റെയില്‍ ഡെവലപ്മെൻ്റ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിശോധിച്ച്‌ പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗികത കൂടി പരിഗണിച്ച ശേഷമേ കെ റെയില്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ പറയുന്നത്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതി. കേരള റെയില്‍ ഡെവലപ്മെൻ്റ് കോര്‍പ്പറേഷനാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഈ കമ്പനിയില്‍ കേരള സര്‍ക്കാരിനും റെയില്‍വേയ്ക്കും തുല്യപങ്കാളിത്തമാണ്. പദ്ധതിക്കായി സര്‍ക്കാര്‍ ഭൂമിയും റെയില്‍വേ ഭൂമിയും സ്വകാര്യഭൂമിയും ഉപയോഗിക്കുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിലെ റെയില്‍വേയെ എങ്ങനെ ബാധിക്കും എന്നറിയണം.

പദ്ധതിക്ക് അനുബന്ധമായി എത്ര റെയില്‍വേ ക്രോസിംഗുകള്‍ വരുമെന്നും അറിയണം. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച്‌ റിപ്പോര്‍ട്ട് തരണമെന്നും കെ റെയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എളമരം കരീം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ റെയില്‍വേ മന്ത്രിയെ കണ്ടപ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങളും സംശയങ്ങളും റെയില്‍വേ മന്ത്രി പങ്കുവച്ചിരുന്നു. അക്കാര്യങ്ങളില്‍ വ്യക്തമായ മറുപടി വൈകാതെ സംസ്ഥാനം നല്‍കും. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും കരീം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും ബജറ്റില്‍ പ്രഖ്യാപനം നടത്തണമെന്നും നേരത്തെ മുതല്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട് വരികയാണ്. എന്നാല്‍ കേരളത്തില്‍ മുഖ്യ പ്രതിപക്ഷമായ യുഡിഎഫ് പദ്ധതിയെ എതിര്‍ക്കുകയാണ്. ഇന്നലെ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ ധനമന്ത്രി വന്ദേഭാരത് അതിവേഗ തീവണ്ടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി സില്‍വര്‍ ലൈന്‍ വേണ്ട എന്നാണ് ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്.