
പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളം ഇനി സ്വകാര്യ ബാങ്കിലൂടെ; എസ്ബിഐയിൽ നിന്ന് എച്ച് ഡി എഫ് സി ബാങ്കിലേക്ക് അക്കൗണ്ടുകൾ മാറ്റാൻ നീക്കം; തീരുമാനത്തിനെതിരെ സേനയിൽ പ്രതിഷേധം; നടപടിക്ക് പിന്നിൽ വൻ അഴിമതിയെന്ന് ആരോപണം;തിരിച്ചടവുകൾ മുടങ്ങിയാൽ പിഴത്തുകയായി വൻ തുക ഈടാക്കും; വെട്ടിലാകുന്നത് ഹൗസിംഗ് ലോണടക്കം എടുത്ത ഉദ്യോഗാസ്ഥർ
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണ അക്കൗണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ നീക്കം.
എസ്ബിഐയിൽ നിന്ന് എച്ച് ഡി എഫ് സി ബാങ്കിലേക്കാണ് അക്കൗണ്ടുകൾ മാറ്റുന്നത്. റിക്കവറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സ്വകാര്യ ബാങ്കില്‍ നല്‍കാൻ ഡിജിപി ഉത്തരവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അക്കൗണ്ടുകള്‍ മാറ്റുന്നതിനെതിരെ സേനയില്‍ പ്രതിഷേധം ശക്തമാണ്. ഇതിൻ്റെ മറവിൽ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്നാണ് ആരോപണം. അക്കൗണ്ടുകൾ മാറ്റുന്നത് വഴി ഉദ്യോഗസ്ഥരുടെ വായ്പ തിരിച്ചടവെല്ലാം എച്ച് ഡി എഫ് സി ബാങ്ക് വഴിയാക്കും. തിരിച്ചടവുകൾ വൈകുന്ന സാഹചര്യമുണ്ടായാൽ പിഴത്തുകയടക്കം വൻതുകയായിരിക്കും ബാങ്ക് ഈടാക്കുക. ഇതും ഉദ്യോഗസ്ഥരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.
എച്ച്ഡിഎഫ്സി ബാങ്കിലേക്ക് അക്കൗണ്ടുകൾ മാറ്റുന്നത് സംബന്ധിച്ച് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് അധികൃതർക്കും കൃത്യമായ വിവരമില്ല. സംശയങ്ങൾ ചോദിച്ച് പി എച്ച് ക്യൂവിലേക്ക് വിളിക്കുന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ പൊട്ടൻ കളിക്കുകയാണ് അധികൃതർ.
എന്നാൽ എച്ച് ഡി എഫ് സി ബാങ്കിലേക്ക് എല്ലാ ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകൾ മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
പൊലീസ് വെല്‍ഫെയര്‍ ഫണ്ട്, മെസ് അലവൻസ്, സംഘടനാ പിരിവ്, കേരളാ പൊലീസ് വെല്‍ഫെയല്‍ ഫണ്ട് പോലുള്ള ജീവനക്കാരുടെ തിരിച്ചടവുകള്‍ ഇനി മുതല്‍ എച്ച്ഡിഎഫ്‍സിയിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിനായി ഉദ്യോഗസ്ഥരുടെ മുഴുവൻ വിവരങ്ങളും സ്വകാര്യ ബാങ്കിലേക്ക് നല്‍കാൻ അറിയിപ്പ് നല്‍കി.
മൊബൈലില്‍ ലഭിക്കുന്ന ലിങ്ക് വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്ക് കരാര്‍ നല്‍കിയിരിക്കുന്ന ഡൽഹി സഫ്ദര്‍ജംഗ് ആസ്ഥാനമായ മറ്റൊരു ഏജൻസിയിലേക്കാണ് സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ പോകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഭാവിയില്‍ ഇത് സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നു.
ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ റിക്കവറി ഫണ്ടുകള്‍ പിടിക്കുക മാത്രമാണ് എച്ച്ഡിഎഫ്‍സി ചെയ്യുന്നതെന്നും അക്കൗണ്ടുകള്‍ പൂര്‍ണ്ണമായും മാറില്ലെന്നുമാണ് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിശദീകരണം. മുമ്പ് യുഡിഎഫ് സർക്കാരിന്റെ കാലത്തും പൊലീസിന്റെ അക്കൗണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ നീക്കം നടത്തിയിരുന്നു. അന്ന് പ്രതിഷേധം ശക്തമായതോടെ തീരുമാനം നടപ്പായിരുന്നില്ല.