മാസങ്ങളോളം പഴക്കമുള്ള ആളെകൊല്ലും വിഷമീൻ വീണ്ടും..! കോട്ടയത്ത് ഗാന്ധിനഗറിൽ വീണ്ടും വൻ മീൻ വേട്ട: 2500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു; മീൻ കൊണ്ടു വന്നത് പാലാ ജീസസ് ഫിഷറീസിലേയ്‌ക്കെന്നു മൊഴി: നഗരസഭ പിടിച്ചെടുത്ത മീൻ കടത്തിവിടാൻ രാഷ്ട്രീയ ഇടപെടൽ; പൊലീസ് കേസെടുക്കാതെ ഒളിച്ചുകളിക്കുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗൺ കാലത്ത്  ആളെക്കൊല്ലാൻ വിഷമീനുമായി വീണ്ടും കൊള്ളലാഭം ആഗ്രഹിക്കുന്ന കച്ചവടക്കാർ. പാലാ ജീസസ് ഫിഷറീസിലേയ്ക്കു എത്തിച്ചത് അടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനെത്തിയ 2500 കിലോയോളം മീൻ നഗരസഭ ആരോഗ്യ വിഭാഗം ഗാന്ധിനഗറിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു.

പിടിച്ചെടുത്ത വാഹനം സീൽ ചെയ്ത് കസ്റ്റഡിയിൽ എടുക്കുകയും, ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കണമെന്നുമാവശ്യപ്പെട്ട് നഗരസഭ പൊലീസിനു നിർദേശം നൽകിയെങ്കിലും തങ്ങൾക്കു സാധിക്കില്ലെന്ന നിലപാടാണ് ഗാന്ധിനഗർ പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

ഈസ്റ്റർ വിൽപ്പനയ്ക്കായി കന്യാകുമാരിയിൽ നിന്നും കൊണ്ടുവന്ന രണ്ടര ടൺ പഴകിയ മത്സ്യമാണ് ആരോഗ്യവകുപ്പിലെയും മുനിസിപ്പാലിറ്റിയിലെയും ഹെൽത്ത് ഇൻസ്‌പെക്ടർമാർ ചേർന്നു ഗാന്ധിനഗറിൽ നിന്നും പിടിച്ചെടുത്തത്. പാലായിലെയും, ഏറ്റുമാനൂർ മാർക്കറ്റിലെയും മൊത്തവ്യാപാരിക്കു വേണ്ടിയാണ് തമിഴ്നാട് രജിസ്ട്രേഷന് ഉള്ള സാദാ കണ്ടെയ്നർ ലോറിയിൽ മൽസ്യം എത്തിച്ചത്. ഏറ്റുമാനൂരിൽ മീൻ ഇറങ്ങിയ ശേഷം ഗാന്ധിനഗർ ബിവറേജിനു സമീപത്തെ ഗോഡൗണിലേയ്ക്കു ലോറി ഇടവഴികളിലൂടെ കൊണ്ടു വരികയായിരുന്നു.

ഇതിനിടെ ലോറി കടന്നു വന്ന വഴികളിൽ അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. ഇതേ തുടർന്നു നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അധികൃതരും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ലോറി തടയുകയായിരുന്നു.

ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു സി.കിഴക്കേടം, രഞ്ജൻ എന്നിവർ സ്ഥലത്തെത്തി. നഗരസഭ ആരോഗ്യവിഭാഗത്തിലെ ഹെൽത്ത് സൂപ്പർവൈസർ വിദ്യാധരൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി.എ തങ്കം, ജേക്കബ്‌സൺ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. മാസങ്ങളോളം പഴക്കമുള്ള മൽസ്യം അഞ്ചു ദിവസങ്ങൾക്കു മുമ്പാണ് ലോറിയിൽ കയറ്റിയതെന്നു ഡ്രൈവർ പറഞ്ഞു. കോട്ടയം തഹസിൽദാർ, നഗരസഭ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

തുടർച്ചയായി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കോട്ടയം നഗരത്തിൽ മീൻ വേട്ട നടക്കുകയാണ്. ആദ്യം ബേക്കർ ജംഗ്ഷനിൽ നിന്നും 600 കിലോ മീനും, പാലായിലെ ജീസസ് ഫിഷറീസിൽ നിന്നും 330 കിലോ മീനും, ചങ്ങനാശേരി മാർക്കറ്റിൽ നിന്നും 65 കിലോ മീനും പിടിച്ചെടുത്തിരുന്നു. തുടർന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയം നഗരത്തിൽ നിന്നും ഏറ്റുമാനൂരിൽ നിന്നുമായി രണ്ടായിരം കിലോയോളം മീനും പിടിച്ചെടുത്തിരുന്നു.