കോട്ടയത്ത് വൻ മദ്യശേഖരം പിടികൂടി ;പിടിച്ചെടുത്തത് വോട്ടെണ്ണൽ ദിനം ലക്ഷ്യമാക്കിയെത്തിയ 400 ലിറ്റർ വിദേശ മദ്യം

തേർഡ് ഐ ഡെസ്‌ക്

കോട്ടയം : ജില്ലയിൽ പാലായിൽ ലോറിയിൽ കടത്തുകയായിരുന്ന വൻ വിദേശ മദ്യ ശേഖരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. പിടികൂടിയത് മെയ് രണ്ടാം തീയതി നടക്കുന്ന വോട്ടെണ്ണൽ ദിനത്തിൽ വിറ്റഴിക്കാൻ കൊണ്ടുവന്ന 400 ലിറ്റർ വിദേശമദ്യവും ഒരു ലോറിയും രണ്ട് പ്രതികളെയും.

മീനച്ചിൽ കുടയംഭാഗത്ത് പടിഞ്ഞാറേതിൽ വീട്ടിൽ ജയപ്രകാശ് (39), ഇടുക്കി അണക്കര ഏഴാംമൈലിൽ പാലാത്തോട്ടിൽ വീട്ടിൽ അഭിലാൽ മധു(25) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പാലാ പൊലീസും ചേർന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച ലോറിയും 510 കുപ്പികളിലായി 400 ലിറ്ററോളം വിദേശമദ്യവും പൊലീസ് പിടിച്ചെടുത്തു.

കേരളത്തിൽ ബാറുകളും മദ്യശാലകളും അടച്ച സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തോടനുബന്ധിച്ച് വൻതോതിൽ മദ്യം കടത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബി.അനിൽകുമാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ ശക്തമായ പരിശോധന നടത്തിവരികെയായിരുന്നു. തുടർന്നാണ് പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് വൻ തോതിൽ സംസ്ഥാനത്തിന് വെളിയിൽ നിന്നും വിദേശമദ്യം കടത്തുന്നതായി വിവരം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയപ്രകാശിനെ കുറിച്ചും അഭിലാലിനെ കുറിച്ചും സൂചന ലഭിച്ചത്. ഇവർ രണ്ടുപേരും ലോറിയിൽ സാധനങ്ങളുമായി കർണ്ണാടകയിലേക്ക് പോകുന്നതായും തിരികെ വരുമ്പോൾ അവിടെ നിന്നും മദ്യം കടത്തുന്നതായും പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് ഇരുവരുടെയും നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചു വരികെയായിരുന്നു.

തുടർന്ന് വെള്ളിയാഴ്ച ലോറിയിൽ പാലാ ഭാഗത്തേക്ക് വന്ന ഇവരുടെ വാഹനം പൊലീസ് തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നിർദ്ദേശ പ്രകാരം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബി.അനിൽ കുമാർ, പാലാ ഡി.വൈ.എസ്.പി പ്രഫുല്ല ചന്ദ്രൻ, പാലാ എസ്.എച്ച്.ഒ സുനിൽ തോമസ്, എസ്.ഐ ബിജോയ്, എ.എസ്.ഐ ജേക്കബ് പി.ജോയ്, ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ചിങ്ങവനം എസ്.ഐ അനീഷ് പി.എസ് , എസ്.ഐ ബിജോയ്, എ.എസ്.ഐ പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രതീഷ് രാജ്, ശ്രീജിത് ബി. നായർ, അജയകുമാർ കെ.ആർ, അനീഷ് വി.കെ, തോംസൺ കെ, മാത്യൂ, ഷമീർ സമദ്, ഷിബു പി.എം, ശ്യാം എസ്.നായർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പിടികൂടിയ മദ്യത്തിന് ഏകദേശം നാല് ലക്ഷത്തോളം രൂപ വില വരും. മദ്യം ആർക്കുവേണ്ടി കൊണ്ടുവന്നതാണെന്ന സൂചന ലഭിച്ചെന്നും കൂടുതലായി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം ജില്ലയിലേക്ക് കടത്തിയ 28 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയിരുന്നു. വരും ദിവസം കർശനമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.