
ഉടമ അറിയാതെ വാഹനത്തിൻ്റെ റജിസ്ട്രേഷൻ മാറ്റി തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമെന്ന് മോട്ടർ വാഹന വകുപ്പ്; ഉടമയറിയാതെ ആർസി മാറ്റം നടത്തി വാഹനം പിടിച്ചെടുത്തു വിൽപ്പന; തട്ടിപ്പിന് തെരഞ്ഞെടുക്കുന്നത് വായ്‌പാ തിരിച്ചടവ് മുടങ്ങിയ വാഹനങ്ങൾ; മോട്ടർ വാഹന വകുപ്പിന്റെ ഡേറ്റബേസിൽ നുഴഞ്ഞുകയറി മൊബൈൽ നമ്പറിൽ മാറ്റം വരുത്തിയാണ് തട്ടിപ്പ്
കോട്ടയം: ഉടമ അറിയാതെ വാഹനത്തിൻ്റെ ആർസി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) മാറ്റുന്നതു സംസ്ഥാനത്തു വ്യാപകമായി നടക്കുന്നുവെന്നു മോട്ടർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ. വായ്‌പത്തിരിച്ചടവു മുടങ്ങിയ വാഹനങ്ങളാണു പ്രധാനമായും ഇത്തരത്തിൽ മാറ്റുന്നത്.
ഉടമയറിയാതെ ആർസി മാറ്റം നടത്തിയ ശേഷം ഈ വാഹനം പിടിച്ചെടുത്തു വിൽക്കുന്നതായാണു കണ്ടെത്തൽ. കൂടാതെ ഉടമകൾ വിദേശത്തുള്ള വാഹനങ്ങൾ, മരിച്ചുപോയവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ തുടങ്ങിയവയും ഇങ്ങനെ മാറ്റുന്നുണ്ട്. ഉടമ അറിയാതെ വാഹനത്തിൻ്റെ ഡേറ്റബേസിൽ നിന്നു മൊബൈൽ നമ്പർ മാറ്റി മറ്റൊരു മൊബൈൽ നമ്പർ ചേർത്താണു തട്ടിപ്പു നടത്തുന്നത്.
ഈ മൊബൈൽ നമ്പറിലേക്ക് ആർസി മാറ്റത്തിനുള്ള ഒടിപി വരും. ഒടിപി നൽകുന്നതോടെ ഉടമ അറിയാതെ മറ്റൊരാളുടെ പേരിലേക്കു ട്രാൻസ്‌ഫർ ചെയ്യാനുള്ള ആദ്യപടി നടക്കും. പിന്നീടു മോട്ടർ വാഹന വകുപ്പ് ഓഫിസിൽ അപേക്ഷ നൽകുന്നതോടെ ആർസി മാറ്റം നടക്കും. ഇഎംഐ മുടങ്ങി ഫിനാൻസുകാർ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഫിനാൻസ് കമ്പനിയുടെ പേരിലേക്കു മാറ്റി പുതിയ ആർസി എടുത്തശേഷം ലേലം ചെയ്യണമെന്നാണു നിയമം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു മറികടന്നാണു തട്ടിപ്പു നടക്കുന്നത്. 2000 രൂപ നൽകിയാൽ തട്ടിപ്പുസംഘങ്ങൾ ഡേറ്റ ബേസിൽ മൊബൈൽ നമ്പർ മാറ്റി നൽകും. ഇതെങ്ങനെ സാധിക്കുന്നുവെന്നു മോട്ടർ വാഹന വകുപ്പിനു കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. പാലായിൽ റജിസ്ട്രേഷനുള്ള ബസ് തൃപ്പൂണിത്തുറ സ്വദേശിക്കു വിറ്റ കേസുമായി ബന്ധപ്പെട്ട പരാതി ട്രാൻസ്പോർട്ട് കമ്മിഷണറുടെ ശ്രദ്ധയിൽപെട്ടതോടെയാണു തട്ടിപ്പിന്റെ കഥ പുറത്തു വന്നത്.