കൊച്ചി: ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന കേസിൽ അറസ്റ്റിലായ രണ്ട് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
എൻഐഎ കേസിലെ പ്രതികളായ ഷിയാസ് ടി.എസ്, ആഷിഫ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇവർ നൽകിയ അപേക്ഷ എൻഐഎ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിചാരണയില്ലാതെ പ്രതികൾ ജയിലിൽ തുടരുന്ന സാഹചര്യം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നൽകിയത്. തൃശൂരിൽ ഐഎസ് മൊഡ്യൂൾ രൂപീകരിച്ചെന്ന കേസിൽ ആഷിഫ്, നബീൽ അഹമ്മദ്, ഷിയാസ്, സഹീർ തുർക്കി എന്നിവരെ പ്രതിയാക്കിയാണ് കഴിഞ്ഞ വർഷം ജനുവരിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ആഷിഫും നബീലുമാണ് ഐഎസ് ശാഖ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ. 2023 നവംബറിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കൊച്ചി എൻഐഎ കോടതിയിൽ 2024 ജനുവരിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.