
പരിചയക്കാരായ ഇടപാടുകാരെ ഉപയോഗിച്ച് മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിലെ സ്വര്‍ണ പരിശോധകൻ തട്ടിയെടുത്തത് ലക്ഷങ്ങള്‍; കേരള ഗ്രാമീണ്‍ ബാങ്ക് മണിമല ശാഖയിലെ കരാര്‍ ജീവനക്കാരനെതിരെ നടപടി; അന്വേഷണ വിധേയമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി
സ്വന്തം ലേഖിക
മണിമല: പരിചയക്കാരായ ഇടപാടുകാരെ ഉപയോഗിച്ച് ബാങ്കിലെ സ്വര്‍ണ പരിശോധകൻ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി.
കേരള ഗ്രാമീണ്‍ ബാങ്ക് മണിമല ശാഖയിലെ കരാര്‍ ജീവനക്കാരനാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. ഇടപാടുകാര്‍ മുഖേന നാല് ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആറോളം ഉരുപ്പടികള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തി. വിശദമായ പരിശോധനയില്‍ ആറു പേര്‍ മുക്കുപണ്ടം പണയം വച്ചതായി കണ്ടെത്തുകയായിരുന്നു.
ഇതോടെ ഇടപാടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ ബാങ്കിലെ സ്വര്‍ണ പരിശോധകൻ നല്‍കിയ സ്വര്‍ണമാണ് പണയം വച്ചതെന്നും പണം അയാള്‍ക്ക് കൊടുത്തതായും ഇടപാടുകാര്‍ അറിയിച്ചു. അടുത്ത നാളുകളിലാണ് ഇത്തരത്തിലുള്ള ഇടപാടുകള്‍ നടന്നത്.
സംഭവം സംബന്ധിച്ച് ഇന്നലെ ബാങ്ക് അധികൃതര്‍ മണിമല പോലീസില്‍ പരാതി നല്‍കി. ഇയാള്‍, തന്‍റെ സാമ്പത്തിക പരാധീനതകള്‍ പറഞ്ഞ് ബാങ്കിന് പുറത്തും പരിചയക്കാരായ പലരില്‍ നിന്ന് പണം കടം വാങ്ങുകയും പിന്നീട് തിരിച്ചുനല്‍കാതെ കബളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്വര്‍ണ പരിശോധനകനെ ജോലിയില്‍ നിന്ന് അന്വേഷണ വിധേയമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ബാങ്ക് ഹെഡ് ഓഫീസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് കരാര്‍ ജീവനക്കാരനെതിരേ നടപടി എടുക്കും. ഇയാള്‍ക്കൊപ്പം മുക്കുപണ്ടം പണയ ഇടപാട് നടത്തിയവര്‍ക്കെതിരേയും നടപടി ഉണ്ടാകും.