സ്വന്തം ലേഖിക
തിരുവനന്തപുരം: വ്യാജന്മാരും ഗുണനിലവാരമില്ലാത്ത ചാത്തന്‍ മരുന്നുകളും കേരളത്തിലെ വിപണിയിലേക്ക് ഒഴുകിയെത്തുന്നു.
പഴയ നികുതി സംവിധാനം മാറി ജി.എസ്.ടി വന്നതോടെ ചെറുകിടക്കാര്‍ക്കും നേരിട്ട് കമ്പനികളില്‍നിന്ന് മരുന്ന് വാങ്ങാമെന്ന സ്ഥിതിയാണ്. ഇതിന്‍റെ കണക്കുകളാകട്ടെ സര്‍ക്കാറിന്‍റെയോ ബന്ധപ്പെട്ട ഏജന്‍സികളുടെയോ കൈകളിലെത്തില്ല. ഈ സാധ്യത കൂടി മുതലാക്കിയാണ് വ്യാജമരുന്നുകളടക്കം വിപണിയിലേക്കൊഴുകുന്നത്. ഇത് തടയാനോ നിയന്ത്രിക്കാനോ കേരളത്തിലെ മരുന്നുവിപണിയിൽ നിലവിൽ സംവിധാനമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ മരുന്നുവില്‍പനയുടെ 88 ശതമാനവും കൈയാളുന്നത് സ്വകാര്യ കമ്പനികളാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. 2020-2021 സാമ്പത്തികവര്‍ഷം 3726 കോടിയുടെ മരുന്ന് വില്‍പനയാണ് സ്വകാര്യ കമ്പനികള്‍ കേരളത്തില്‍ നടത്തിയത്.
അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മരുന്നുവിപണനം 502 കോടിയുടേത് മാത്രമാണ് (12 ശതമാനം). ഇത് ഔദ്യോഗിക കണക്കാണെങ്കിലും ഇരട്ടി വില്‍പനയുണ്ടെന്നാണ് മരുന്നുവിപണന മേഖലയിലെ ഏജന്‍സികള്‍ നല്‍കുന്ന വിവരം. വിവിധ ബ്രാന്‍ഡുകളുടെ മൂന്ന് ലക്ഷത്തോളം ബാച്ച് മരുന്നുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് ആകെയുള്ളത് 47 ഡ്രഗ് ഇന്‍സ്പെക്ടര്‍മാരാണ്.
പ്രതിമാസം നടക്കുന്ന പരിശോധനകളാകട്ടെ ആയിരത്തില്‍ താഴെയും.
ഉപയോഗിക്കുന്നയാളെ സംബന്ധിച്ച് തെരഞ്ഞെടുപ്പുകള്‍ക്കോ സ്വയം തീരുമാനങ്ങള്‍ക്കോ സാധ്യതയില്ലാത്ത മേഖലയാണ് മരുന്നുവാങ്ങല്‍. ആന്‍റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായി ഉപയോഗമൂലം രോഗാണുക്കള്‍ മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടുന്ന സാഹചര്യമുണ്ടാകുന്നതായി (ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്) ആരോഗ്യവകുപ്പ് തന്നെ സമ്മതിക്കുന്നു. പ്രതിരോധശേഷിയാര്‍ജിച്ച രോഗാണുക്കള്‍ ചികിത്സരംഗത്ത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
മരുന്നുകളേല്‍ക്കാത്ത രോഗാണുക്കള്‍ ചികിത്സയുടെ കാലയളവ് കൂട്ടാനും കൂടുതല്‍ നാള്‍ ആശുപത്രിയില്‍ കഴിയാനും ഇടയാക്കുമെന്നതാണ് വെല്ലുവിളി. ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക് ആക്‌ട് പ്രകാരം അവശ്യഘട്ടങ്ങളില്‍ രോഗിക്ക് ഡോക്ടര്‍ നേരിട്ട് മരുന്ന് നല്‍കാമെന്ന നിയമപരിരക്ഷയുണ്ട്. ഈ പഴുതുപയോഗിച്ച് ഡ്രഗ് ലൈസന്‍സില്ലാതെ മരുന്നുകച്ചവടം നടത്തുന്ന പ്രവണതയും വ്യാപകമാണ്. ശക്തിയേറിയ ആന്‍റിബയോട്ടിക്കുകള്‍, ആസക്തിയുണ്ടാകുന്ന തരത്തിലുള്ള മരുന്നുകള്‍ എന്നിവ കുറിപ്പടിയില്ലാതെ വില്‍ക്കാന്‍ പാടില്ലെങ്കിലും ഇതും സ്വതന്ത്രമായി നടക്കുകയാണ്.