
തൃശ്ശൂർ കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു; തിരുവനന്തപുരത്ത് രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സംഘർഷം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ രാഷ്ട്രീയ സംഘർഷം. തൃശൂരിൽ ബി.ജെ.പി പ്രവർത്തകന് കുത്തേറ്റപ്പോൾ തിരുവനന്തപുരത്ത് രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. രണ്ടിടത്തും പാർട്ടി പ്രവർത്തകർ പരസ്പരം ആരോപണം ഉയർത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്ഐ പ്രവര്ത്തകന് ഹരികൃഷ്ണന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ആർഎസ്എസാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടകര വട്ടേക്കാടുവച്ച് ബിജെപി പ്രവർത്തകനെ സിപിഎം പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ചതായി പാർട്ടി ആരോപിച്ചു. കൊടകര വട്ടേക്കാട് പനങ്ങാടൻ വത്സൻ മകൻ വിവേകിനാണ്(21) കുത്തേറ്റത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വട്ടേക്കാട് കനാൽപാലത്തിനടുത്ത് വച്ചാണ് കുത്തേറ്റത്.
മോട്ടോർ സൈക്കിളിൽ പോകുമ്പോൾ സി.പി.എം പ്രവർത്തകരായ കല്ലിങ്ങപ്പുറം സുജിത്ത്, മടത്തിൽ എതലൻ അക്ഷയ്, നോമ്പ്രിൽ കലേഷ്, പൂണൂലിപ്പറമ്പിൽ റെനീഷ് , നാനാട്ടി രാകേഷ് തുടങ്ങിയവർ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചുവെന്ന് ബിജെപി ആരോപിച്ചു. വയറിനും ശരീരത്തിൻ്റെ പലഭാഗത്തും ഗുരുതരമായി പരിക്കേറ്റ വിവേക് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തിരഞ്ഞെടുപ്പിൽ ബിജെപി യോട് തോറ്റതിൻ്റെ വൈരാഗ്യത്തിൽ സി.പി.എം പ്രവർത്തകർ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ജില്ല പ്രസിഡൻ്റ് അനീഷ് കുമാർ കുറ്റപ്പെടുത്തി.