
നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ ജി സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതല ഏറ്റു. ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർഥികൾ മത്സരിച്ചു. എൽഡിഎഫിൽ നിന്ന് എസി മൊയ്തീനും എൻഡിഎയിൽ നിന്ന് ബിബി ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേർ. മുഖ്യമന്ത്രി വിഡി സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്.
101 വോട്ട് നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്. എസി മൊയ്തീന് 35 വോട്ടും ബിബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെയുള്ള 140 നിയമസഭാ അംഗങ്ങളിൽ 139 പേർ വോട്ട് ചെയ്തു. പ്രോ ടേം സ്പീക്കർ ജി സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ തിരുഞ്ചൂർ രാധാകൃഷ്ണൻ എട്ടാമത് തവണയാണ് നിയമസഭയിൽ എത്തുന്നത്. കോട്ടയത്ത് നിന്നാണ് ഇത്തവണ തിരുവഞ്ചൂർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നാല് തവണ അടൂരിൽ നിന്നും നാല് തവണ കോട്ടയത്തും നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ 1991 മുതൽ നിയമസഭാംഗമാണ്.






