
കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോയൽസ്; ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലയൺസിനെ കീഴടക്കിയത് 10 റൺസിന്
തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോയൽസ്. ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലയൺസിനെ 10 റൺസിന് മറികടന്നാണ് റോയൽസ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് മാത്രമാണ് നേടാനായത്. റോയൽസിൻ്റെ ക്യാപ്റ്റൻ അഖിൽ സ്കറിയയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിനൊടുവിലായിരുന്നു റോയൽസിൻ്റെ വിജയം. ജോബിൻ ജോബിയുടെ ഓൾറൗണ്ട് മികവും, നിഖിൽ തോട്ടത്തിൻ്റെ വെടിക്കെട്ട് ഇന്നിങ്സും തുണയായപ്പോൾ ക്യാപ്റ്റൻ്റെ ഇന്നിങ്സുമായി അഖിൽ സ്കറിയ റോയൽസിനെ മുന്നിൽ നിന്ന് നയിച്ചു.
മറുവശത്ത് തുടക്കത്തിലെ തകർച്ചയിൽ നിന്ന് തിരിച്ചു കയറിയ ലയൺസ് കടുത്തൊരു പോരാട്ടത്തിനൊടുവിലാണ് തോൽവി വഴങ്ങിയത്. ഓപ്പണർ വിപുൽ ശക്തിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ജോബിൻ ജോബിയും റിയ ബഷീറും ചേർന്ന് റോയൽസിന് മികച്ച തുടക്കമാണ് നല്കിയത്. 20 റൺസിന് പുറത്തായ റിയ ബഷീറിന് പകരമെത്തിയ ക്യാപ്റ്റൻ അഖിൽ സ്കറിയയാണ് റോയൽസിൻ്റെ ടോപ് സ്കോറർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

38 പന്തുകളിൽ 11 ഫോറുകളടക്കം അഖിൽ 65 റൺസുമായി പുറത്താകാതെ നിന്നു. ജോബിൻ 34 പന്തുകളിൽ 54 റൺസെടുത്തു. വെറും 18 പന്തുകളിൽ അഞ്ച് ഫോറുകളും മൂന്ന് സിക്സുമടക്കം 42 റൺസെടുത്ത നിഖിൽ തോട്ടത്തിൻ്റെ പ്രകടനവും കൂറ്റൻ സ്കോർ ഉയർത്താൻ റോയൽസിനെ സഹായിച്ചു. ലയൺസിന് വേണ്ടി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റങ്ങിന് ഇറങ്ങിയ ലയൺസിന് എട്ട് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ അർജുൻ എ കെയും ആൽഫി ഫ്രാൻസിസും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൻ്റെ മികവിൽ ലയൺസ് മല്സരത്തിലേക്ക് ശക്തമായി തിരിച്ചു വന്നു. അർജുൻ 48 പന്തുകളിൽ 77 റൺസ് നേടിയപ്പോൾ ആൽഫി 19 പന്തുകളിൽ നിന്ന് 42 റൺസ് നേടി.
അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളുമായി അർജുനൊപ്പം ചേർന്ന ഷറഫുദ്ദീനും ലയൺസിന് പ്രതീക്ഷ നല്കി. എന്നാൽ 19ആം ഓവറിൽ അർജുൻ പുറത്തായത് ലയൺസിന് തിരിച്ചടിയായി. ലയൺസിൻ്റെ മറുപടി ഏഴ് വിക്കറ്റിന് 198 റൺസിൽ അവസാനിച്ചു. ഷറഫുദ്ദീൻ 20 പന്തുകളിൽ നിന്ന് 37 റൺസുമായി പുറത്താകാതെ നിന്നു. റോയൽസിന് വേണ്ടി വിനിൽ ടി എസും ജോബിൻ ജോബിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ടൂർണ്ണമെൻ്റിലുടനീളം ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ ജോബിൻ ജോബിയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ബെസ്റ്റ് പ്രോമിസിങ് യങ്സ്റ്ററായും ജോബിൻ തെരഞ്ഞെടുക്കപ്പെട്ടു. ഗോവിന്ദ് ദേവ് പൈയാണ് മികച്ച ബാറ്റർ. മികച്ച ബൌളറായി അഖിൻ സത്താറും തെരഞ്ഞെടുക്കപ്പെട്ടു.