
കേരളത്തിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി ആരാകുന്ന കാര്യത്തിൽ പോര് കടുക്കുന്നു. കെസി വേണുഗോപാലിനായി ഡല്‍ഹിയിലും തിരുവനന്തപുരത്തും ഫ്ലക്സുകള്‍ ഉയർന്നു. ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലുമാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ഫ്ലക്സുകള്‍. ‘നയിച്ചവന്‍ നായകന്, ദി റിയൽ ലീഡർ’ എന്നാണ് ഫ്ലക്സില്‍ കുറിച്ചിരിക്കുന്നത്.
ഇന്ദിരാഭവന് മുന്നിലെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡില്‍ ‘കുഞ്ഞൂഞ്ഞിന് ശേഷം കെസി’ എന്നാണ് എഴുതിയിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പം കെസിയുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാവുകയാണ്. ഹൈക്കമാൻഡ് നിരീക്ഷകർ ഉടൻ കേരളത്തിലെത്തി എംഎൽഎമാരുടെ അഭിപ്രായം തേടും. രണ്ട് ദിവസത്തിനകം പാർലമെന്ററി പാർട്ടി യോഗം ചേരും. മുഖ്യമന്ത്രി പദത്തിലേക്ക് കെസി, വിഡി, ചെന്നിത്തല പക്ഷക്കാർ അവകാശവാദമുന്നയിക്കുകയാണ്. ഇതിൽ ഘടകകക്ഷികളുടെ നിലപാട് നിർണായകമാണ്.






