
കുമരകം: ‘മാരക ലഹരി വേണ്ട, കായിക ലഹരി മതി’ എന്ന സന്ദേശവുമായി കോട്ടയം ജില്ലാ പഞ്ചായത്തും കുമരകം എസ്.കെ.എം.എച്ച്.എസ്.എസും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്.കെ.എം സൂപ്പർ ലീഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് ഇന്നു തുടക്കം കുറിക്കും.
ജില്ലാ പഞ്ചായത്തിന്റെ ‘വന്ദനം’ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 81 വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ മത്സരം. 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റിൽ രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകൾ അണിനിരക്കും. പഠനത്തോടൊപ്പം കലാ-കായിക വാസനകളെ പ്രോത്സാഹിപ്പിക്കുകയും വിദ്യാർത്ഥികളെ തെറ്റായ പ്രവണതകളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഇന്ന് (ജനുവരി 30 ) ഉച്ചകഴിഞ്ഞ് 3:30ന് എസ്.കെ.എം.എച്ച്.എസ്.എസ് മൈതാനിയിൽ ടൂർണ്ണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കും. സ്കൂൾ മാനേജർ എ.കെ. ജയപ്രകാശിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.വൈശാഖ് മുഖ്യപ്രഭാഷണം നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശിഷ്ടാതിഥികളായ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ. വൈശാഖ്, വാർഡ് മെമ്പർ പി.ഐ. എബ്രഹാം എന്നിവർ ടീമംഗങ്ങളെ പരിചയപ്പെടും. സ്കൂൾ പ്രിൻസിപ്പൽ സുനിമോൾ എസ്. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സുജ പി. ഗോപാലിന്റെ നേതൃത്വത്തിൽ കായിക താരങ്ങളും വിദ്യാർത്ഥികളും രക്ഷിതാക്കളും ജീവനക്കാരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും.
പി.ടി.എ പ്രസിഡന്റ് മഹേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ധനലാൽ എ.എസ്, സ്കൂൾ ലീഡർ കാർത്തികേയൻ, ഫിസിക്കൽ ഇൻസ്ട്രക്ടർ ഷിബു വി.കെ എന്നിവർ ആശംസകൾ നേരും. സീനിയർ ഫിസിക്കൽ ഇൻസ്ട്രക്ടർ പി.പി. ഹരി നന്ദി പറയും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിനാണ് ഇതോടെ കുമരകത്ത് തുടക്കമാവുക.



