
കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ് കേസ്; കുറ്റപത്രം അടുത്തയാഴ്ച സമർപ്പിക്കും; തയ്യാറാക്കിയിരിക്കുന്നത് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രം; കോടതിയിൽ സമർപ്പിക്കും മുമ്പ് നിയമോപദേശം തേടും
ഗാന്ധിനഗർ: കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പൊലീസ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. വിവാദമായ കേസ് ആയതിനാൽ നിയമോപദേശം കൂടി തേടിയതിനു ശേഷമാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.
കേസിലെ പ്രതികൾ ഒരാഴ്ച മുൻപ് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസിൽ 5 പ്രതികളാണുള്ളത്. ഇതിൽ 2 പേരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ബാക്കിയുള്ള 3 പേർ അപേക്ഷ പിൻവലിച്ചു. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി.രാഹുൽ രാജ് (22), മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ വീട്ടിൽ സാമുവൽ ജോൺസൺ (20), വയനാട് നടവയലിൽ പുൽപ്പള്ളി ഞാവലത്ത് എൻ.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ സി.റിജിൽ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവരാണ് പിടിയിലായത്. ഇവർ ഇപ്പോഴും റിമാൻഡിലാണ്.
പ്രതികൾക്കെതിരെ ഭാരത നിയമ സംഹിതയിലെ 118–ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസ് എടുത്തത്. കഴിഞ്ഞ നവംബർ 4 മുതലായിരുന്നു കോട്ടയം ഗവ. നഴ്സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ ക്രൂര റാഗിങ്ങിനു ഇരയായത്. സീനിയർ വിദ്യാർഥികൾക്ക് മദ്യപിക്കാൻ പണം നൽകാത്തവരെ റാഗ് ചെയ്യുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂനിയർ വിദ്യാർഥികളെ നഗ്നരാക്കിയശേഷം സ്വകാര്യ ഭാഗങ്ങളിൽ ജിമ്മിൽ ഉപയോഗിക്കുന്ന ഡമ്പൽ തൂക്കുക, മുഖത്തും തലയിലും ക്രീം തേയ്ക്കുക, കോംപസ്, ബ്ലേഡ്, കത്തി എന്നിവ ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കുക, മുറിവിൽ ലോഷൻ തേക്കുക, സംഘം ചേർന്ന് മർദിക്കുക തുടങ്ങിയ ക്രൂരതകളാണ് സീനിയേഴ്സ് നടത്തിയത്. കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഗാന്ധിനഗർ എസ്എച്ച്ഒ ടി.എസ്.ശ്രീജിത്തും സംഘവുമാണ് അന്വേഷണം പൂർത്തിയാക്കിയത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കോളജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച സംഭവിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.