Spread the love

കോട്ടയം: വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയതോടെ വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസ മേഖലയില്‍ എത്തുന്നു. ആന, പുലി, കരടി, കുരങ്ങ്, മയില്‍, പന്നി, കാട്ടുനായ്ക്കള്‍, കുറുനരി എന്നിവയാണ് വനമേഖലയില്‍ നിന്ന് നാട്ടിന്‍പുറങ്ങളിലെത്തുന്നത്.

video
play-sharp-fill

കാട്ടുചോലകളും ജലസ്രോതസ്സുകളും വറ്റിവരണ്ടതോടെ എട്ട് മുതല്‍ 10 കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയില്‍ പോലും വന്യമൃഗങ്ങള്‍ വരുന്നുണ്ട്. വനാതിര്‍ത്തി പ്രദേശങ്ങളിലാണ് പട്ടാപകല്‍ പോലും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്.

കഴിഞ്ഞ ദിവസം പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്ന മുല്ലയാറിലെ ജനവാസ മേഖലയില്‍ ഒന്നിന് പിറകെ ഒന്നായി അഞ്ച് കരടികള്‍ വീട്ടുമുറ്റത്തേക്ക് ഇറങ്ങി ചുറ്റിനടക്കുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. മാതാപിതാക്കളായ രണ്ട് കരടികള്‍ക്കൊപ്പം മൂന്ന് കുട്ടിക്കരടികളുമാണ് രാത്രിയാകുമ്ബോള്‍ വീട്ടുമുറ്റത്തേക്ക് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരടിക്കു പുറമേ മലയോര മേഖലയില്‍ തെങ്ങുകളില്‍ കയറി കുരങ്ങൻമാർ ഫലങ്ങള്‍ പറിച്ചിടുന്നതും വീടുകളുടെ ടെറസുകളില്‍ കയറി ഉണക്കാനിട്ടവ എടുത്ത് കൊണ്ട് പോവുന്നതും പതിവാണ്. വാഹനസഞ്ചാരമുള്ള സ്ഥലങ്ങളില്‍ കാട്ടുപന്നികളെത്തി ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും വിനയായി.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ വനമേഖലയില്‍ കുടിനീര്‍ ഉറപ്പാക്കുന്നതിനും തീറ്റ ലഭ്യതക്കും പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.

മാങ്ങ, ചക്കപോലുള്ള കായ്കനികളും കാര്‍ഷിക വിളകളും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത് ജനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഈയിടെ പട്ടാപ്പകല്‍ കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ എത്തി ആടുകളെ ആക്രമിച്ചു ഭക്ഷിക്കുന്ന സംഭവങ്ങളും ഉണ്ടായി. ഹിംസ്ര ജന്തുക്കള്‍ നാട്ടിലിറങ്ങിയതോടെ പകല്‍ പോലും പുറത്തിറങ്ങാൻ ജനം ഭയപ്പെടുന്നു.