കുടുംബവഴക്കിനെത്തുടർന്ന് ദീർഘദൂര ബസിൽ നാടുവിടാനൊരുങ്ങി പന്ത്രണ്ടു വയസുകാരൻ; അതിവേഗ ഇടപെടൽ നടത്തി തിരികെ എത്തിച്ച്  കട്ടപ്പന പൊലീസ്

കുടുംബവഴക്കിനെത്തുടർന്ന് ദീർഘദൂര ബസിൽ നാടുവിടാനൊരുങ്ങി പന്ത്രണ്ടു വയസുകാരൻ; അതിവേഗ ഇടപെടൽ നടത്തി തിരികെ എത്തിച്ച് കട്ടപ്പന പൊലീസ്

സ്വന്തം ലേഖകൻ
കട്ടപ്പന: കുടുംബവഴക്കിനെത്തുടർന്ന് ദീർഘദൂര ബസിൽ നാടുവിടാനൊരുങ്ങി പന്ത്രണ്ടു വയസുകാരൻ. അതിവേഗ ഇടപെടൽ നടത്തി തിരികെ എത്തിച്ച് കട്ടപ്പന പൊലീസ്. ശനിയാഴ്ച രാത്രിയാണ് സംഭവം. നെടുങ്കണ്ടത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്കുളള അവസാനത്തെ കെ.എസ്.ആർ.ടി.സി ബസ് രാത്രി ഒമ്പത് മണിക്ക് കട്ടപ്പനയെത്തും. കട്ടപ്പനയിൽ നിന്ന് ബസ് പുറപ്പെട്ട് കുറച്ച് ദൂരമെത്തിയപ്പോഴാണ് കണ്ടക്ടർ രാത്രി സമയത്ത് ഒറ്റയ്ക്ക് ഒരു ആൺകുട്ടി യാത്രചെയ്യുന്നത് ശ്രദ്ധിച്ചത്.

അടുത്തെത്തി വിവരം തിരക്കി. നെടുങ്കണ്ടത്താണ് വീടെന്നും കോട്ടയത്തേയ്ക്ക് പോവുകയാണെന്നുമായിരുന്നു മറുപടി. വാക്കുകളിലെ ചില പൊരുത്തക്കേടുകൾ ശ്രദ്ധിച്ച അദ്ദേഹം ഡ്രൈവറെ വിവരമറിയിച്ച് വാഹനം നിർത്തിയിട്ടശേഷം പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂം നമ്പരായ 112 ലേയ്ക്ക് വിളിച്ചു.

പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ നിന്ന് ഏറ്റവും അടുത്തുളള കട്ടപ്പന പോലീസ് സ്റ്റേഷനിലേയ്ക്ക് വിവരമറിയിച്ചു. മിനിറ്റുകൾക്കുളളിൽ കണ്ടക്ടറുടെ നമ്പരിലേയ്ക്ക് കട്ടപ്പന പോലീസ് സ്റ്റേഷനിൽ നിന്നു വിളിയെത്തി. “ഞങ്ങളിതാ വരുന്നു, ഒരു ഫോട്ടോ അയയ്ക്കുന്നുണ്ട്, ബസിലുളളത് ഈ കുഞ്ഞു തന്നെയാണോ എന്ന് പരിശോധിച്ച്, സുരക്ഷിതനായി നിർത്തൂ, നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കുട്ടിയെ കാണാതായിട്ടുണ്ട്” – അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് മിനിറ്റിനുളളിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ വാഹനം ഇരുപതേക്കറിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് സമീപമെത്തി.

വല്ലാതെ പരിഭ്രമിച്ചിരുന്ന കുട്ടിയെ ആശ്വസിപ്പിച്ച് നിറഞ്ഞ ചിരിയോടെ പോലീസുകാർ സ്നേഹപൂർവ്വം കൂടെക്കൂട്ടി. കുടുംബ വഴക്കിനെത്തുടർന്ന് വീടുവിട്ടിറങ്ങിയതായിരുന്നു അവൻ. നെടുങ്കണ്ടം പോലീസിൽ അറിയിച്ച് കുട്ടിയെ സുരക്ഷിതമായി വീട്ടുകാർക്കരുകിൽ എത്തിച്ചു.

പോലീസിൻറെയും ബസ് ജീവനക്കാരുടെയും അതിവേഗ ഇടപെടലും കരുതലും വ്യക്തമാക്കി യാത്രക്കാരിലൊരാൾ ഫെയ്സ്ബുക്കിൽ പങ്കുവയ്ച്ച കുറിപ്പ് ശ്രദ്ധേയമായി. കുട്ടി നാടുവിടാൻ തുടങ്ങിയതാണെന്ന് മനസിലാക്കിയ സഹയാത്രക്കാർ ചോദ്യശരങ്ങളുമായി വളഞ്ഞപ്പോൾ അവരെ ശാസിച്ച് കുട്ടിയ്ക്ക് സ്വസ്ഥതയോടെ കാവലൊരുക്കിയ ബസ് ഡ്രൈവറെയും കുറിപ്പിൽ പ്രത്യേകം പരാമർശിക്കുന്നു.

എസ്.ഐ രഘു.സി, സി.പി.ഒമാരായ ഷാനവാസ് ഖാൻ.എം, അരുൺകുമാർ.കെ.എസ് എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ കണ്ടെത്തുന്നതിന് നേതൃത്വം നല്കിയത്.