
കട്ടപ്പനയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം ; ജോബിൻ മദ്യപിക്കില്ല; അപകട വിവരം പുറത്ത് അറിയിക്കാൻ വൈകി, സംഘത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളും ഉൾപ്പെട്ടതായി ബന്ധുക്കൾ
സ്വന്തം ലേഖകൻ
കട്ടപ്പന: കട്ടപ്പന നഗരത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻറെ മുകളിൽനിന്നു വീണു യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ലബ്ബക്കട പുളിക്കൽ ജോസിൻറെ മകൻ ജോബിൻ (21) ആണ് മരിച്ചത്. കട്ടപ്പന ടൗണിൽ പുളിയൻമല റൂട്ടിൽ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിൻറെ നാലാം നിലയിൽനിന്നുമാണ് ജോബിൻ താഴെവീണത്.
ജോബിൻ മദ്യപിക്കില്ലെന്നും, അപകടം നടന്നതാണെങ്കിൽ വിവരം ഉടനെ മറ്റുള്ളവരെ അറിയിക്കാത്തതുമാണ് ബന്ധുക്കളിൽ സംശയമുണർത്തുന്നത്. എന്നാൽ സുഹൃത്തിൻറെ പിറന്നാൾ ആഘോഷത്തിനായി കെട്ടിടത്തിൽ എത്തിയതെന്നും, അതിനിടെ ജോബിൻ കാൽവഴുതി താഴേക്കു വീഴുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവർ പോലീസിനു നൽകിയ മൊഴി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന സ്ഥലത്തുനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഒപ്പമുമുണ്ടായിരുന്ന സംഘത്തിലെ നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. ജോബിൻ അടങ്ങുന്ന എട്ടംഗ സംഘം വൈകുന്നേരമാണ് കെട്ടിടത്തിനുള്ളിൽ കയറിയത്.
കൂടെയുള്ളയാൾ കാൽ വഴുതി വീണു മരിച്ചതാണെങ്കിൽ ആ വിവരം പുറത്തുപറയുന്നതിൽ വൈകിയത് എന്താണെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. താഴെ വീണതു കൂടെയുള്ളവർ അറിയാതെ പോയതാണോയെന്നതും പരിശോധിക്കും.
അതേസമയം, അപകടം നടന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സംഘത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളും ഉൾപ്പെട്ടിരുന്നതായും ജോബിൻറെ പിതൃസഹോദരൻ ആരോപിച്ചു. ബൈക്ക് പണയം വച്ചതുമായി ബന്ധപ്പെട്ടു ചില തർക്കങ്ങൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ജോബിൻറെ മരണത്തിൽ ദുരൂഹതയാരോപിച്ചു ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സംഭവ സ്ഥലത്ത് കട്ടപ്പന ഡിവൈഎസ്പി അടക്കമുള്ളവരെത്തി പരിശോധന നടത്തി.
പണയംവച്ചിരുന്ന ബൈക്ക് തിരികെ എടുക്കുവാനാണ് ജോബിൻ കട്ടപ്പനയ്ക്കു പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. അപകടമുണ്ടാകുന്നതിന് ഒരു മണിക്കൂർ മുൻപുവരെ ജോബിൻ ലബ്ബക്കടയിലുണ്ടായിരുന്നു. യുവാവിൻറെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും. ജോബിൻറെ സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനാനാൽ പ്രതികളടക്കം കോവിഡ് നിരീക്ഷണത്തിലുമാണ്.