play-sharp-fill
കർണ്ണാടകയിലെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയ്‌ക്കൊപ്പം കൂട്ടു നിന്ന കോൺഗ്രസ് എംഎൽഎ ഒരു മാസത്തിനു ശേഷം വാങ്ങിയത് 11 കോടിയുടെ ആഡംബരക്കാർ: ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറിന്റെ ഉടമയായ രാഷ്ട്രീയക്കാരൻ

കർണ്ണാടകയിലെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയ്‌ക്കൊപ്പം കൂട്ടു നിന്ന കോൺഗ്രസ് എംഎൽഎ ഒരു മാസത്തിനു ശേഷം വാങ്ങിയത് 11 കോടിയുടെ ആഡംബരക്കാർ: ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറിന്റെ ഉടമയായ രാഷ്ട്രീയക്കാരൻ

സ്വന്തം ലേഖകൻ

ബംഗളൂരു: കർണ്ണാടകയിലെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയ്ക്ക് പരോക്ഷമായി പിൻതുണ നൽകിയ കോൺഗ്രസ് എംഎൽഎ ഒരു മാസത്തിനു ശേഷം വാങ്ങിയത് ഇന്ത്യയിലെ ഏറ്റവും വില കൂടിയ ആഡംബര വാഹനം. ഇന്ത്യയിലെ രാഷ്ട്രീയക്കാരിൽ ഏറ്റവും വില കൂടിയ വാഹനം ഉപയോഗിക്കുന്ന ആളായി ഇതോടെ മാറിയിരിക്കുകയാണ് കർണ്ണാടകയിലെ ഈ എംഎൽഎ.
ഹാസ്‌കോട്ട് എംഎൽഎയായിരുന്ന എം.ടി.ബി നാഗരാജയാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും വിലകൂടിയ കാർ സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. എംഎൽഎ പദവി നഷ്ടമായതിന് പിന്നാലെ ഇന്ത്യയിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വില കൂടിയ വാഹനമായ റോൾസ് റോയിസ് ഫാന്റം-8 ആണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 9.5 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഈ വാഹനം നിരത്തിലെത്തുമ്പോൾ ഏകദേശം 11 കോടിയോളമാകും.

കർണ്ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 1000 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് അദ്ദേഹം സത്യവാങ്മൂലം നൽകിയത്. ഇതിനു ശേഷമാണ് കുമാരസ്വാമി സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസിന്റെ എംഎൽഎ പദവി അദ്ദേഹം രാജി വച്ചത്.
എന്നാൽ, തന്റെ ഏറെ നാളായുള്ള സ്വപ്നമായിരുന്നു ഈ വാഹനമെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ വാഹനവുമായി സ്വന്തം മണ്ഡലമായ ഹോസ്‌കോട്ടിലെ അവിമുക്തേശ്വര ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം ഈ വാഹനത്തിൽ തന്നെയെത്തി മുഖ്യമന്ത്രി യെദ്യൂരപ്പയെ സന്ദർശിച്ചെന്നുമാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്താണ് റോൾസ് റോയിസ് ഫാന്റം ഇന്ത്യയിൽ എത്തുന്നത്. 16 വർഷം മുമ്ബ് റോൾസ് റോയിസ് അവതരിപ്പിച്ച ഫാന്റം മോഡലിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഫാന്റം-8.

അലുമിനിയം ഫ്രെയിം പ്ലാറ്റ്ഫോമിലൊരുങ്ങുന്ന ഈ വാഹനം സുരക്ഷയുടെ അവസാന വാക്കാണ്. 563 ബിഎച്ച്പി കരുത്തും 900 എൻഎം ടോർക്കുമേകുന്ന 6.75 ലിറ്റർ വി-12 ട്വിൻ ടോർബോ പെട്രോൾ എൻജിനിലാണ് ഈ വാഹനം എത്തുന്നത്. 5.4 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.