
കൊവിഡ് വ്യാപനം: ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണം ഒഴിവാക്കി; നിർത്തിവച്ച വിവാഹങ്ങൾ പുനരാരംഭിക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനം
സ്വന്തം ലേഖകൻ
തൃശൂര്‍: സംസ്ഥാനത്തെ കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണം ഒഴിവാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ദേവസ്വം കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.
ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഭക്തജനങ്ങള്‍ കൂട്ടമായി എത്തിയാല്‍ ആളകലം പാലിക്കുന്നതിനോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനോ കഴിയില്ല. സമൂഹ വ്യാപനത്തിന് വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ചാണ് കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കിയതെന്നു കമ്മീഷണര്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിവാഹ ബുക്കിംഗ് പുനരാരംഭിക്കാന്‍ ഗുരുവായൂര്‍ ക്ഷേത്ര ദേവസ്വം തീരുമാനിച്ചു. നാളെ മുതല്‍ വിവാഹബുക്കിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൗണ്ടറിലും ഗുഗിള്‍ ഫോം വഴി ഓണ്‍ലൈനായും ബുക്കിംഗിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് അഡ്വാന്‍സ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മറ്റന്നാള്‍ മുതല്‍ വിവാഹങ്ങള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിവാഹങ്ങള്‍ വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ച് മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയുള്ള സമയത്ത് കിഴക്കേ നട പന്തലിലെ വിവാഹ മണ്ഡപങ്ങളില്‍ വച്ച് നടത്തും.
ഒരു വിവാഹ സംഘത്തില്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍ അടക്കം പരമാവധി 12 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കില്ല. ഒരു ദിവസം 40 വിവാഹങ്ങള്‍ മാത്രമേ നടത്തൂ എന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.