കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 12 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി: മലപ്പുറം സ്വദേശി അറസ്റ്റിൽ : സോക്‌സിലും പാന്റ്‌സിനുള്ളിലും ഒളിപ്പിച്ച നിലയിൽ
സ്വന്തം ലേഖകൻ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 12 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി .സംഭവത്തിൽ മലപ്പുറം പുളിയക്കോട് ചറ്റാരിക്കുന്നത്ത് വീട്ടിൽ അനൂപിനെ (39) സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്തു. കാലിലണിഞ്ഞിരുന്ന സോക്‌സിനുള്ളിലും ധരിച്ചിരുന്ന പാന്റ്സിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേതാണ് ഇയാൾ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്.
മലിൻഡോ എയർ വിമാനത്തിൽ കൊച്ചിയിൽ നിന്നു ക്വലാലംപുരിലേക്ക് പോകാനെത്തിയതാണിയാൾ. സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലാവുകയായിരുന്നു . അമേരിക്കൻ ഡോളർ, ഹോങ്കോങ് ഡോളർ, ഒമാൻ റിയാൽ, ബൈസ എന്നീ കറൻസികളാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റംസിന് കൈമാറിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസങ്ങൾക്ക് മുമ്പ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സമനാ രീതിയിൽ 31 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചിരുന്നു. 16 ലക്ഷം രൂപയുടെ യൂറോയും 15 ലക്ഷത്തിന്റെ ഡോളറുമാണ് പിടികൂടിയത്. ദുബായി വഴി സ്വിറ്റ്സർലൻഡിലേക്ക് പോകാനെത്തിയ സ്വിസ് പൗരനിൽ നിന്നാണ് യൂറോ പിടിച്ചെടുത്തത്. കോയമ്ബത്തൂരിൽ ടെക്സ്റ്റൈൽസ് യന്ത്രങ്ങളുടെ ടെക്നീഷ്യനായ ഇയാൾ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിടിയിലായത്.
നിയമം അറിയാതെയാണ് യൂറോ കൈവശം സൂക്ഷിച്ചതെന്ന് അറിയിച്ചതിനെ തുടർന്ന് കസ്റ്റംസ് ഇയാൾക്കെതിരേ കേസെടുത്തിട്ടില്ല. നിയമാനുസൃതമായ പിഴ ചുമത്തി. അമ്പതിലേറെ തവണ ഇയാൾ ഇന്ത്യയിലെത്തിയതായി പാസ്പോർട്ട് രേഖകളുണ്ട്. കൊച്ചിയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായിയിലേക്ക് പോകാനെത്തിയ തിരുവനന്തപുരം സ്വദേശിയിൽ നിന്നാണ് യു.എസ് ഡോളർ പിടിച്ചെടുത്തത്. വിദേശത്തേയ്ക്ക് ജോലിക്കാരെ അയക്കുന്ന ഏജൻസിയുടെ നടത്തിപ്പുകാരയായിരുന്നു പ്രതി .