
ഡല്‍ഹി; ഒമാൻ തീരത്തുവച്ച് യുഎസ് സേന നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സംഭവത്തെപ്പറ്റി കോംപ്രമൈസ്ഡ് പ്രധാനമന്ത്രി ഒരു വാക്കുപോലും പ്രതികരിച്ചില്ലെന്നും, കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ലന്നും ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം. നാവികരെ കൊന്നവരെ എതിർക്കാൻ പ്രധാനമത്രിക്ക് ശക്തിയും ധൈര്യവും ഇല്ലെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.
അതേസമയം, ജല്‍വീർ കപ്പല്‍ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഡെക്ക് കാഡറ്റ് ആദിത്യ ശര്‍മ, എന്‍ജിന്‍ ഫിറ്റര്‍ ശിവാനന്ദ് ചൗരസ്യ, ചീഫ് എന്‍ജിനീയര്‍ പട്‌നാല സുരേഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി എതിർപ്പറിയിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
ഉപരോധം ലംഘിച്ച് ഇറാനില്‍നിന്ന് എണ്ണ കയറ്റാന്‍ ശ്രമം നടത്തിയതിനെത്തുടര്‍ന്നാണ് കപ്പല്‍ ആക്രമിച്ചതെന്നാണ് യു എസ് സൈന്യത്തിന്റെ വിശദീകരണം. അമേരിക്കന്‍ സൈന്യം തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും കപ്പല്‍ ജീവനക്കാര്‍ അതു പാലിച്ചില്ലെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലാവു പതാകയേന്തിയ എംടി സെറ്റെബെല്ലോ എന്ന എണ്ണ ടാങ്കറിന് നേരെ ഒമാൻ തീരത്തിന് സമീപം ബുധനാഴ്‌ച യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. പോർവിമാനത്തില്‍ നിന്ന് രണ്ടു ഹെല്‍ഫയർ മിസൈലുകള്‍ തൊടുത്ത് കപ്പലിന്റെ എഞ്ചിൻ റൂം തകർക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും ഒമാൻ നാവിക സേനയുടെ സഹായത്തോടെ ഷിനാസ് തുറമുഖത്തേക്ക് മാറ്റി.







