വഴിയോര കച്ചവടം ഒഴിപ്പിക്കൽ ; ഹൃദ് രോഗിയായ കച്ചവടക്കാരന്റെ വണ്ടിയിൽ ചവിട്ടി പൊലീസ് : കോവിഡിന്റെ മറവിൽ പിണറായിയുടെ നാട്ടിലെ പൊലീസ് നടത്തുന്ന ക്രൂരതകൾക്കെതിരെ പ്രതിഷേധം ശക്തം

 

സ്വന്തം ലേഖകൻ

കണ്ണൂർ : തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂരില്‍ കഴിഞ്ഞ ദിവസം പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന വഴിയോര കച്ചവടക്കാരന്റെ വണ്ടിയില്‍ പൊലീസ് ചവിട്ടിയ സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു.

ഹൃദ്രോഗി കൂടിയായ തെരുവ് വ്യാപാരി വഴിയോരത്ത് വണ്ടിയിൽ വില്‍ക്കാന്‍ വച്ചിരുന്ന പഴവര്‍ഗ്ഗങ്ങളാണ് കഴിഞ്ഞ ദിവസം പൊലീസ് ചവിട്ടി തെറിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാതിരുന്നു സംഭവം.

കോവിഡിന്റെ മറവിൽ വെയിലത്തും de മഴയത്തും തെരുവില്‍ മല്ലിടുന്ന തെരുവ് കച്ചവടക്കാരോട് പൊലീസ് നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട ക്ഷേമസമിതി ആവശ്യപ്പെട്ടു.

 

ലോക്ക്ഡൗണ്‍ മൂലം ദീര്‍ഘകാലം വീട്ടിലിരിക്കേണ്ട കച്ചവടക്കാരന്‍ ഗതിമുട്ടിയപ്പോഴാണ് കടം വാങ്ങിയ പഴങ്ങളുമായി വ്യാപാരി കച്ചവടത്തിനായി തെരുവിലെത്തിയത്. എന്നാൽ ഇവ പൊലീസ് പുറംകാല് കൊണ്ട് ചവിട്ടി തെറിപ്പിച്ചത് കേവലം ഫലവര്‍ഗ്ഗങ്ങള്‍ മാത്രമല്ല, കയ്യില്‍ ചെറിയ പൊതിയുമായി വീട്ടിലേക്ക് മടങ്ങി വരുന്ന പിതാവിനെ കാത്ത് കഴിയുന്ന മക്കളുടെയും കുടുംബത്തിന്റെ ജീവിതം തന്നെയാണന്ന് അധികാരികള്‍ മനസ്സിലാക്കണം,” വഴിയോര കച്ചവട ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി സുബൈര്‍ ഇരിട്ടി, ജില്ലാ പ്രസിഡണ്ട് എന്‍. എം. ശഫീഖ് എന്നിവര്‍ വ്യക്തമാക്കി.

സംഭവത്തിൽ കുറ്റക്കാരായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടികള്‍ എടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് വഴിയോര കച്ചവട ക്ഷേമ സമിതി നേതൃത്വം കൊടുക്കുമെന്നും വ്യക്തമാക്കി.

എന്നാൽ മാര്‍ക്കറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തിയവരെ ഒഴിപ്പിക്കുകയാണ് ചെയ്തതെന്നാണ് സംഭവത്തിൽ പൊലീസ് നൽകുന്ന വിശദീകരണം.

മാര്‍ക്കറ്റിലെ നിരവധി കച്ചവടക്കാര്‍ക്ക് സമ്പർക്കത്തിലുടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടന്നും, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാര്‍ക്കറ്റില്‍ വഴിയോര കച്ചവടം അനുവദിക്കില്ലെന്നും ടൗണ്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.