രക്ഷിതാക്കളുമായുള്ള സാമ്പത്തിക ഇടപാടിൻ്റെ പേരിൽ 15 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്വട്ടേഷൻ സംഘം; മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്തി പൊലീസ്
കതിരൂർ: രക്ഷിതാക്കളുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരില്‍ 15 വയസ്സുകാരനെ ക്വട്ടേഷൻ സംഘം ബൈക്കില്‍ തട്ടിക്കൊണ്ടുപോയി.
പൊലീസിന്റെ ജാഗ്രതയെ തുടർന്നു മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്തി, ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശിനിയുടെ മകനെയാണ് താമസസ്ഥലത്ത് നിന്നു കഴിഞ്ഞ ദിവസം വൈകിട്ട് തട്ടിക്കൊണ്ടുപോയത്.
പിന്നീട് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബംഗാള്‍ സ്വദേശിയായ ലത്തീഫാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്തതെന്നാണ് പൊലീസ് നിഗമനം. ലത്തീഫ് ഉള്‍പ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലില്‍ മട്ടാമ്ബ്രം ഭാഗത്തെ അജ്മല്‍, സിനാൻ, റഫാത്ത്, അഫ്രീദ്, ഷാമില്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരൻ ലത്തീഫ് ആണെന്ന് പൊലീസ് പറഞ്ഞു.
ലത്തീഫ് കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവിന് നല്‍കിയ പണം തിരിച്ചു ചോദിച്ചു കിട്ടാതായപ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നാണ് വിവരം. ബംഗാള്‍ സ്വദേശിനിയും രണ്ടാം ഭർത്താവും മകനും നേരത്തെ തലശ്ശേരിയിലായിരുന്നു താമസം. പിന്നീട് യുവതിയും മകനും കോട്ടയംപൊയിലിലേക്ക് താമസം മാറ്റുകയായിരുന്നു.