
കോട്ടയം: ഇടത് സര്ക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങൾക്കും കാരണമായ സില്വര്ലൈൻ പദ്ധതി പുതിയ യു.ഡി.എഫ് സർക്കാർ പൂർണ്ണമായി ഉപേക്ഷിച്ചതോടെ, വർഷങ്ങളായി പൂട്ടിക്കിടന്ന ഒരു വീടിന് ഒടുവിൽ ജീവന് വയ്ക്കുകയാണ്.
പദ്ധതിയുടെ ആശങ്കകൾ ഒഴിഞ്ഞതോടെ നിർമ്മാണം പൂർത്തിയായി അഞ്ച് വർഷമായിട്ടും ഗൃഹപ്രവേശം നടത്താൻ കഴിയാതിരുന്ന ഒരു കുടുംബം ഇപ്പോൾ അതിനുള്ള ഒരുക്കത്തിലാണ്.
കൊല്ലാട് മലമേല്ക്കാവ് കല്ലുങ്കല്ക്കടവ് മുല്ലശേരി പുത്തന്വീട്ടിൽ ഉമ്മൻ ജോൺ എന്ന പ്രവാസി തന്റെ 20 വർഷത്തെ ദുബൈ ജീവിതത്തിലെ സമ്പാദ്യം കൊണ്ടാണ് ഈ സ്വപ്നഭവനം നിർമ്മിച്ചത്. എന്നാൽ വീടുപണി തീർന്ന അതേ വർഷം തന്നെയാണ് സില്വര്ലൈൻ പദ്ധതി പ്രഖ്യാപിക്കുന്നത്.
നിർദ്ദിഷ്ട റെയില്പാതയുടെ അലൈന്മെന്റ് തന്റെ വീടിന്റെ ഒരു ഭാഗത്തുകൂടിയാണ് പോകുന്നതെന്ന് ഉമ്മന് ജോണിന്റെ അമ്മ എലിസബത്ത് ജോണ് ആണ് ആദ്യം തിരിച്ചറിഞ്ഞത്.
മകനെ സങ്കടപ്പെടുത്താതിരിക്കാൻ ഈ വിവരം ആദ്യമവർ മറച്ചുവയ്ക്കുകയും മകനറിയാതെ പദ്ധതിക്കെതിരെയുള്ള ജനകീയ സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീട് വിവരമറിഞ്ഞ ഉമ്മൻ ജോണും കുടുംബവും പദ്ധതിയെക്കുറിച്ച് അന്തിമ തീരുമാനമായ ശേഷം മാത്രം ഗൃഹപ്രവേശം നടത്തിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ അഞ്ച് വർഷമായി പദ്ധതി മരവിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നുവെങ്കിലും ആശങ്ക പൂർണ്ണമായി ഒഴിഞ്ഞിരുന്നില്ല. നിലവിൽ എത്യോപ്യയിൽ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യുന്ന ഉമ്മൻ ജോൺ അടുത്ത വർഷം നാട്ടിലെത്തിയ ശേഷം ഗൃഹപ്രവേശം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
അതേസമയം, സില്വര്ലൈൻ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയ സാഹചര്യത്തിൽ മാടപ്പള്ളി റീത്ത് പള്ളി ജങ്ഷനിലെ ചരിത്രപ്രസിദ്ധമായ സമരപ്പന്തൽ പൊളിച്ചുമാറ്റാനുള്ള തയ്യാറെടുപ്പിലാണ് സമരസമിതി. മുൻപ് നല്കിയ വാഗ്ദാനം പാലിച്ച് പദ്ധതി പിന്വലിച്ച മുഖ്യമന്ത്രി വി.ഡി സതീശന്റെ സാന്നിധ്യത്തിൽ പന്തൽ പൊളിക്കണമെന്നാണ് സമരക്കാരുടെ ആഗ്രഹം. ഇതിനായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി സമരസമിതി പ്രവർത്തകർ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
അനുകൂലമായ ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്കിയതായി അവർ വ്യക്തമാക്കി. ഔദ്യോഗിക ഉത്തരവ് വരുന്നതോടെ സമരം അവസാനിപ്പിക്കും. 2022 ഏപ്രിൽ 20ന് ആരംഭിച്ച മാടപ്പള്ളിയിലെ സ്ഥിരം സമരപ്പന്തൽ കഴിഞ്ഞ ദിവസം 1490ാം ദിവസമാണ് പിന്നിട്ടത്.







