
” പ്രണയിച്ചു വിശ്വസിപ്പിച്ചാണ് ലഹരി തന്നത്; ടെന്‍ഷൻ മാറ്റാന്‍ ഉപയോഗിച്ചാല്‍ മതിയെന്ന് പറഞ്ഞു, പിന്നീട് ഹരമായി മാറി; എന്നെയും ഉപേക്ഷിച്ചപ്പോള്‍ ഭ്രാന്തിളകി, ബ്ലേഡ് കൊണ്ട് കൈയില്‍ അവന്റെ പേരെഴുതി’; പെണ്‍കുട്ടിയുടെ മൊഴിയില്‍ തല മരവിച്ച് പൊലീസ്’: കണ്ണൂര്‍ സംഭവത്തില്‍ റിപ്പോര്‍ട്ടു തേടി ബാലാവകാശ കമ്മീഷന്‍; വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വിരുദ്ധ ക്യാമ്പെയിന്‍ സംഘടിപ്പിക്കാൻ നീക്കം
സ്വന്തം ലേഖിക
കണ്ണൂര്‍: കണ്ണൂരിൽ വിദ്യാര്‍ത്ഥിനിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവം നിസാരമായി കരുതേണ്ട കേസല്ലെന്ന് ബാലാവകാശകമ്മിഷന്‍.
സംഭവത്തെ കുറിച്ച് സിറ്റി പൊലിസ് കമ്മിഷണറും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും 15ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ ലഹരിമരുന്ന് മാഫിയ പിടിമുറുക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വിരുദ്ധ ക്യാമ്പെയിന്‍ സംഘടിപ്പിക്കുമെന്നും ബാലവകാശ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ്കുമാര്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ സ്‌കൂളുകളില്‍ പ്രണയ-ലഹരി വലയില്‍ കുടുങ്ങിയത് പതിനൊന്ന് പെണ്‍കുട്ടികളാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഇതില്‍ ഒരുപെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. സഹപാഠിയായ 14 വയസുകാരന്‍ പ്രണയിച്ചു വിശ്വസിപ്പിച്ചാണ് തനിക്ക് ലഹരി തന്നതെന്നാണ് ഒന്‍പതാം ക്ലാസുകാരി പൊലീസിന് നല്‍കിയ മൊഴി.
ടെന്‍ഷന്‍ മാറ്റാന്‍ ഇതുപയോഗിച്ചാല്‍ മതിയെന്നു പറഞ്ഞാണ് മയക്കുമരുന്ന് നല്‍കിയത്. ആദ്യം ഇതു എന്താണെന്നറിയാനാണ് ഉപയോഗിച്ചത്. പിന്നീട് ഒരുമിച്ചിരുന്ന് സിന്തറ്റിക്ക് മയക്കുമരുന്ന ഉപയോഗിക്കുന്നത് ഹരമായെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
പെണ്‍കുട്ടി വെളിപ്പെടുത്തിയ ചിലകാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊലീസിനെപ്പോലും ഞെട്ടിച്ചുകളഞ്ഞിരിക്കുകയാണ്. തന്നെ പ്രണയം നടിച്ചുവലയിലാക്കിയ സഹപാഠി അവനെതിരെ സംസാരിച്ചാല്‍ വയറില്‍ ചവിട്ടും, മുഖത്തടിക്കും, ഇതിനാല്‍ പലപ്പോഴും ഞാന്‍ ഉറക്കെ കരഞ്ഞിട്ടുണ്ട്. അവനോട് നോയെന്നു പറയാന്‍ പാടില്ല. അവന്‍ തരുന്ന ലഹരി ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണ്. അതുപയോഗിച്ചാല്‍ നമ്മള്‍പിന്നെ വേറെ ലോകത്താവും. പിന്നീട് അതുകിട്ടാതെ വയ്യാണ്ടായി. ലഹരി ഉപയോഗിച്ചില്ലെങ്കില്‍ ദേഹമാസകലം വിറയ്ക്കും.
പിന്നെ എല്ലാത്തിനോടും വലിയ ദേഷ്യമായിരിക്കും. അവന്റെ വലയില്‍ എന്നെപ്പോലെ പതിനൊന്നു പെണ്‍കുട്ടികള്‍ വീണതായി അറിയാം. അടുത്ത് അറിയാവുന്നവരോട് അവന്‍ ഈക്കാര്യം പറഞ്ഞതായി അറിഞ്ഞിരുന്നു. എന്നാലും അവന്‍ അവരെയൊക്കെ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചതു പോലെ അവരെയൊക്കെ അത്ര ആഴത്തില്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അവനോട് പറഞ്ഞാല്‍ എത്രവേണമെങ്കിലും ലഹരി കൊണ്ടുവന്നു തരുമായിരുന്നു. കക്കാടു നിന്നും ഭായിമാരാണ് ഇതു നല്‍കുന്നതെന്നു പറഞ്ഞു. എന്നാല്‍ ആരാണ് ലഹരി നല്‍കുന്നതെന്ന് പറഞ്ഞിരുന്നില്ല. അവരുടെ പേരോ മറ്റുകാര്യങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.
നേരത്തെ തന്നെ കണ്ണൂരിലെ സ്‌കൂളുകളില്‍ ലഹരിമാഫിയ പിടിമുറുക്കി കഴിഞ്ഞുവെന്നാണ് പൊലീസും എക്സൈസും ഒരേ സ്വരത്തില്‍ പറയുന്നത്. സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ചു തന്നെയാണ് ലഹരയുടെ ട്രേഡിങ്. ലഹരിമാഫിയയ്ക്കു നേതൃത്വം നല്‍കുന്ന മുതിര്‍ന്നവര്‍ ഇതിനായി ആണ്‍കുട്ടികളെ തന്ത്രപൂര്‍വ്വം വലയിലാക്കുകയാണ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസില്‍ അകത്താവുകയും ഇപ്പോള്‍ വയനാട്ടിലെ ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന 16 വയസുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനുമൊന്നിച്ചാണ് ലഹരി ഉപയോഗിച്ചു പഠിച്ചത്. പിന്നീട് പ്രായത്തില്‍ മുതിര്‍ന്നവരായി ലഹരി ഉപയോഗിക്കുമ്പോഴുള്ള കൂട്ടുകാര്‍. ഗോവയില്‍ നിന്നും അവരെത്തിക്കുന്ന എം.ഡി.എം.എവരെ ഉപയോഗിക്കാറുണ്ടെന്നു ഈ ആണ്‍കുട്ടി പിടിയിലായപ്പോള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇത്തരം എന്തിനും മുതിരുന്ന ആണ്‍കുട്ടികളെ വലയിലാക്കിയാണ് ഇവര്‍ സ്‌കൂളിലെ സുഹൃത്തുക്കളായ മറ്റുകുട്ടികളെ ചാക്കിട്ടുപിടിക്കുന്നത്. പിന്നീട് അവരെയും അഡിക്റ്റാക്കും. ഇങ്ങനെ ലഹരിയുടെ പുതുതലമുറ ചെയിന്‍ നീണ്ടുപോവുകയാണ് ചെയ്യുന്നത്. കണ്ണൂരിലെ സ്‌കൂളുകളില്‍ കൗണ്‍സിലിങ് നിര്‍ബന്ധമാക്കിയാല്‍ മാത്രമേ എത്രകുട്ടികള്‍ ലഹരിവലയില്‍ വീണിട്ടുണ്ടെന്നു മനസിലാക്കാന്‍ പറ്റുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. ബാലവാകാശകമ്മിഷനും എക്സൈസുമായി സഹകരിച്ചു ഇതു നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.