play-sharp-fill
കതിരിലല്ല വളം വയ്‌ക്കേണ്ടത്..! പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്ത് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി; പൊലീസ് മാമന്റെ ക്ലാസ് അറുബോറാകുമെന്ന് കരുതിയ കുട്ടിക്കൂട്ടം ക്ലാസ് കഴിഞ്ഞപ്പോള്‍ ബാബുസാര്‍ ഫാന്‍സ്; ഇങ്ങനെയും പൊലീസ് ഉദ്യോഗസ്ഥരുണ്ട് ഈ നാട്ടില്‍..!

കതിരിലല്ല വളം വയ്‌ക്കേണ്ടത്..! പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്ത് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി; പൊലീസ് മാമന്റെ ക്ലാസ് അറുബോറാകുമെന്ന് കരുതിയ കുട്ടിക്കൂട്ടം ക്ലാസ് കഴിഞ്ഞപ്പോള്‍ ബാബുസാര്‍ ഫാന്‍സ്; ഇങ്ങനെയും പൊലീസ് ഉദ്യോഗസ്ഥരുണ്ട് ഈ നാട്ടില്‍..!

സ്വന്തം ലേഖകന്‍

കാഞ്ഞിരപ്പള്ളി: ചിറക്കടവ് യുപി സ്‌കൂളില്‍ പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്ക് ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്ത് കുഞ്ഞുങ്ങളുടെയും രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും ഹൃദയം കവര്‍ന്നിരിക്കുകയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍ സാര്‍. എട്ടുംപൊട്ടും തിരിയാത്ത പ്രൈമറി ക്ലാസിലെ കുഞ്ഞുങ്ങള്‍ക്ക് എന്ത് ബോധവല്‍ക്കരണം എന്ന് ചിന്തിക്കാന്‍ വരട്ടെ. പൊലീസ് മാമനെ കണ്ട് പേടിച്ച് അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ച് ചിണുങ്ങി നിന്ന കുട്ടി പോലും ക്ലാസ് കഴിഞ്ഞപ്പോള്‍ കേട്ട കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. അതത് മാത്രമല്ല കാക്കി കണ്ട് പേടിച്ച് നിന്ന പല വിരുതന്മാരും ബാബുക്കുട്ടന്‍ സാറിന്റെ കയ്യില്‍ തൂങ്ങി സെല്‍ഫിയും എടുത്താണ് അദ്ദേഹത്തെ യാത്രയാക്കിയത്.


 

കോളേജുകളിലും ഹൈസ്‌കൂളിലും മാത്രമല്ല, പ്രൈമറി ക്ലാസുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ രസകരമായി, കുഞ്ഞുങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കാനാകുമെന്നും കതിരില്‍ വളം വയ്ക്കുന്നതിലും നല്ലത് ചെറുപ്പത്തില്‍ തന്നെ കുഞ്ഞുങ്ങളെ അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലാസില്‍ നേരട്ട് പങ്കെടുത്ത മനോജ് പൊന്‍കുന്നം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം,

ഒരാളുടെ സാമീപ്യം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ചെറുതെങ്കിലും ഒരു സമൂഹത്തിനു പോസിറ്റീവ് എനര്‍ജി നല്‍കുന്നുണ്ടെങ്കില്‍ ആ മനുഷ്യന്‍ വലിയൊരു നന്മയാണ്. സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസ് എന്ന് കേട്ടപ്പോള്‍ മുതല്‍ തോന്നിയത് ചില സംശയങ്ങള്‍ ആയിരുന്നു. പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് എന്ത് ലഹരിവിരുദ്ധ ബോധവല്‍ക്കരണം എന്നായിരുന്നു ആദ്യത്തെ സംശയം.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആണ് ക്ലാസ് എടുക്കുന്നത് എന്നറിഞ്ഞപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു,

ക്രിമിനലുകളും തെമ്മാടികളുമായൊക്കെ ഇടപെടുന്ന അദ്ദേഹം ഇത്രയും കുഞ്ഞുകുട്ടികളോട് എന്ത് പറയാനാണ്, കോളേജില്‍ പഠിക്കുന്ന കുട്ടികളെയൊക്കെയല്ലേ അദ്ദേഹം ബോധവത്കരിക്കേണ്ടത് എന്നൊക്കെയായിരുന്നു ചിന്ത. സ്‌കൂളില്‍ ആണെങ്കില്‍ പരിപാടിക്കെത്തിയ രക്ഷകര്‍ത്താക്കള്‍ വളരെ കുറവും. തന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതില്‍ അദ്ദേഹം അനിഷ്ടം പ്രകടിപ്പിക്കും എന്ന ഭയവുമുണ്ടായിരുന്നു മനസ്സില്‍.

സമ്മേളനം ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രിയപ്പെട്ട രവീന്ദ്രന്‍ നായരുടെ പ്രസംഗത്തിനു ശേഷം ബഹുമാനപ്പെട്ട ഡിവൈഎസ്പി സംസാരിച്ചു തുടങ്ങുന്നതുവരെ ഒരു അലസഭാവമായിരുന്നു മനസ്സിന്.തുടക്കത്തിലുള്ള അദ്ദേഹത്തിന്റെ ഏതാനും വാക്കുകള്‍ അലസതയൊക്കെ അകറ്റി, പെട്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി. മനോഹരമായ അദ്ദേഹത്തിന്റെ പ്രസംഗം അപ്പോള്‍ മുതല്‍ മൊബൈലില്‍ പകര്‍ത്തി. എത്ര ലളിതമായാണ് അദ്ദേഹം കുട്ടികളോട് സംവദിക്കുന്നത്. സ്‌നേഹം, കരുണ, ദയ തുടങ്ങിയ കാര്യങ്ങളുടെ മഹത്വം എത്ര ഹൃദയസ്പര്‍ശിയായാണ് അദ്ദേഹം കുഞ്ഞുങ്ങളെ പറഞ്ഞുമനസ്സിലാക്കിയത്. അഡിക്ഷന്‍ അല്ലെങ്കില്‍ അടിമപ്പെടല്‍ എന്നതിന് എത്ര സ്വഭാവികമായ ഉദാഹരണങ്ങള്‍ ആണ് അദ്ദേഹം ചൂണ്ടിക്കട്ടിയത്….രക്ഷകര്‍ത്താക്കളെയും മുതിര്‍ന്നവരെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഏറ്റവും പ്രധാന കടമയാണ് എന്ന് എത്ര മനോഹരമായാണ് അദ്ദേഹം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തത്. ഈശ്വരന്‍ എന്ന സങ്കല്പത്തെ എത്ര വ്യക്തമായി അദ്ദേഹം അവതരിപ്പിച്ചു…

അത്ഭുതപ്പെടുത്തിയത് കുട്ടികളുടെ അച്ചടക്കമാണ്, ഒരു നല്ല മുത്തശ്ശിക്കഥ കേള്‍ക്കുന്ന താല്‍പ്പര്യത്തോടെയാണ് അവര്‍ അദ്ദേഹത്തിന്റെ വാക്കുകളെ ശ്രവിച്ചത്. തീര്‍ച്ചയായും അവര്‍ അത് ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. പോലീസ് എന്ന അവരുടെ സങ്കല്പത്തെയും മാറ്റിമറിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റവും. കുട്ടികളുടെ സ്വഭാവത്തിലെ ഓരോ മാറ്റങ്ങളും രക്ഷകര്‍ത്താക്കളും അധ്യാപകരും സാസൂക്ഷ്മം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറയുന്നുണ്ടായിരുന്നു. തന്റെ വാക്കുകള്‍ അവസാനിക്കുന്നതുവരെ എല്ലാവരുടെയും മനസ്സിനെ ഒപ്പം കൂട്ടാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വിജയം. ഒടുവില്‍ ഇറങ്ങിവന്ന് കുട്ടികള്‍ക്കും രക്ഷകര്‍ത്താകള്‍ക്കും ഒപ്പം ഫോട്ടോ എടുത്തു മടങ്ങുമ്പോള്‍ അദ്ദേഹവും ഹാപ്പി, അവിടെ കൂടിയവരും ഹാപ്പി.

എത്താതിരുന്ന രക്ഷകര്‍ത്താക്കള്‍ക്ക് നഷ്ടപ്പെട്ടത് തീര്‍ച്ചയായും ഒരു വലിയ അവസരമാണ്, നല്ലൊരു ക്ളാസ്സാണ്. എത്തിച്ചേര്‍ന്നവര്‍ ഉറപ്പായും ഒരു പോസിറ്റീവ് എനര്‍ജി സ്വീകരിച്ചുതന്നെയാവും മടങ്ങിയിട്ടുണ്ടാവുക.
ലളിതവും എന്നാല്‍ പ്രൗഡഗംഭീരവുമായ ഒരു പ്രഭാഷണം കുഞ്ഞു കുരുന്നുകള്‍ക്കായി സമ്മാനിച്ച ബഹുമാനപ്പെട്ട ഡിവൈഎസ്പി ബാബുക്കുട്ടന്‍ സാറിന് ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു. മിക്കവരും ബാബുക്കുട്ടന്‍ സാറിന് അഡിക്റ്റ് ആയിട്ടുണ്ടാവും എന്നാണ് തോന്നുന്നത്.??

സ്‌കൂള്‍ പി റ്റി എ പ്രസിഡന്റ് ശ്രീ എം എന്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി എസ് നിഷ സ്വാഗതം ആശംസിച്ചു.മാനേജര്‍ കെ സതീദേവിയും സ്‌കൂള്‍ ലീഡര്‍ അതുല്യ ഉല്ലാസും യോഗത്തിന് ആശംസകള്‍ നേര്‍ന്നു. ശ്രീമതി സൗമ്യ എം എസ് യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.