കഞ്ചാവ് കൃഷിയെക്കുറിച്ച് ഓൺലൈനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു; വിത്തുകൾ വാങ്ങി; മുറിയിൽ ടെന്റ് കെട്ടി ഹൈടെക് രീതിയിൽ കൃത്രിമ സൂര്യപ്രകാശം കൊണ്ടുവന്ന് കഞ്ചാവ് ചെടികൾ വളർത്തി; സഹപാഠികൾ വഴി പുറത്ത് വിൽപന; മംഗലാപുരത്ത് ഇടുക്കി സ്വദേശിയുൾപ്പെടെ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ പിടിയിൽ
സ്വന്തം ലേഖകൻ
മംഗളൂരു: സുബ്ബയ്യ മെഡിക്കൽ കോളജ് പരിസരത്ത് വീട് വാടകക്കെടുത്ത് കഞ്ചാവ് കൃഷിയും വിൽപനയും നടത്തി വന്ന മലയാളി ഉൾപ്പെടെ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ. ഇടുക്കി സ്വദേശി കെ. വിനോദ് കുമാർ (27), തമിഴ്നാട്ടുകാരായ കൃഷ്ണഗിരിയിലെ വിഘിനരാജ് (28), ധർമപുരിയിലെ പാണ്ടിദൊരൈ (27) എന്നിവരാണ് അറസ്റ്റിലായത്.
വെബ്സൈറ്റിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് മൂവരും വീടിനകത്ത് കഞ്ചാവ് കൃഷി ചെയ്യുന്ന രീതി പരീക്ഷിച്ചതെന്ന് ഷിവമൊഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് ജി.കെ. മിഥുൻ കുമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
227 ഗ്രാം ഉണങ്ങിയ കഞ്ചാവ്, 1.5 കിലോഗ്രാം പച്ചില കഞ്ചാവ്, 10 ഗ്രാം ചരസ്, കഞ്ചാവ് വിത്തുകൾ, ആറ് ടേബിൾ ഫാനുകൾ, രണ്ട് സ്റ്റെബ്ലൈസറുകൾ, മൂന്ന് എൽ.ഇ.ഡി ട്യൂബ് ലൈറ്റുകൾ, ഹുക പൈപ്പുകൾ, പുകപാത്രങ്ങൾ, 19,000 രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ഓൺലൈനായി കഞ്ചാവ് വിത്തുകൾ വാങ്ങി വീടിന്റെ ഒരു മുറിയിൽ ടെന്റ് കെട്ടി ഹൈടെക് രീതിയിൽ കൃത്രിമ സൂര്യപ്രകാശം കൊണ്ടുവന്ന് ലൈറ്റുകളും സ്ഥാപിച്ച് കഞ്ചാവ് ചെടികൾ വളർത്തുകയായിരുന്നു. കൃത്രിമ വായുവിനായി ആറിലധികം ഫാനുകൾ സ്ഥാപിച്ചിരുന്നു. മൂന്നര മാസമായി ഇവർ വീട്ടിൽ കഞ്ചാവ് വളർത്തുകയും സഹപാഠികൾ വഴി പുറത്ത് വിൽപന നടത്തുകയും ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.