
കല്ലമ്പലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കല്ലമ്പലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച പൊലീസ്.
മുള്ളറംകോട് കാവുവിള ലീല കോട്ടേജിൽ അജികുമാർ (49) ന്റെ മരണമാണ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് അജികുമാറിന്റെ സുഹൃത്ത് സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
തിങ്കളാഴ്ചയാണ് അജികുമാർ മരിച്ചത്. സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ കൊലപാതകം നടന്നുവെന്നാണ് സൂചന.
സജീവ് ഉൾപ്പെട്ട സംഘമാണ് അജികുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ബിനുരാജ് വാഹനാപകടത്തിൽ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ദേശീയപാതയിൽ നാവായിക്കുളം മങ്കാട്ടുവാതുക്കൽ ആയിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെ ബിനുരാജിനെ കെഎസ്ആർടിസി ബസിടിച്ചു. റോഡിലേക്ക് തെറിച്ച് വീണ ഇയാളുടെ ശരീരത്തിലൂടെ അത് വഴി വരികയായിരുന്ന കാർ കയറിയിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ബിനുരാജിന്റെ ജീവൻ രക്ഷിക്കാനായില്ല.
ജിംനേഷ്യം ഉടമയാണ് ബിനുരാജ്. ഇതേ സംഘത്തിലുണ്ടായിരുന്ന മുള്ളറംകോട് അജീഷ് ഭവനിൽ അജിത്ത് (29) എന്ന യുവാവ് പിക്കപ്പ് ഇടിച്ച് മരിച്ചിരുന്നു. സജീവ് ഓടിച്ച പിക്കപ്പ് ഇടിച്ചാണ് അജിത്ത് മരിച്ചത്. സുഹൃത്തായ പ്രമോദിന് പരിക്കേറ്റു.
അജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ എല്ലാവരും സുഹൃത്തുക്കളായിരുന്നു. എല്ലാ മരണങ്ങളും ഒരു ദിവസം തന്നെ നടന്നത് ദുരൂഹത ഉയർത്തിയിരുന്നു. സജീവിനെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് അജികുമാറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.