കളമശ്ശേരി സ്‌ഫോടനം; മൂന്നുപേരുടെ നില അതീവ ഗുരുതരം, മതിയായ സുരക്ഷയില്ലെന്ന് ആക്ഷേപം
സ്വന്തം ലേഖകൻ
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ മൂന്നുപേരുടെ നില ഇപ്പോഴും അതീവഗുരുതരാവസ്ഥയില്‍. സാധ്യമായ എല്ലാ ചികിത്സയും ഇവര്‍ക്ക് നല്‍കുന്നുണ്ട്.
കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. എന്നാല്‍ സ്‌ഫോടനമുണ്ടായിട്ടും കൊച്ചിയുടെ സുരക്ഷ വര്‍ധിക്കാന്‍ ഒന്നും ചെയ്തില്ലെന്നാണ് പൊലീസിനു നേരെ ഉയരുന്ന ആക്ഷേപം. പൊലീസിലെ ആള്‍ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഎപിഎ ചുമത്തിയിട്ടും കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ നഗരസുരക്ഷയില്‍ പ്രത്യേകിച്ച് ഒരു മാറ്റവുമില്ല. മുപ്പത് ലക്ഷത്തിലേറെ ആളുകളാണ് നഗരത്തിലുള്ളത്. നഗരത്തില്‍ വന്നുപോകുന്നവരുടെ കണക്കെടുപ്പ് സാധ്യവുമല്ല.
വിവിധ ഇടങ്ങളില്‍ നിന്ന് ആളുകള്‍ വന്നുപോകുന്നു. നഗരത്തില്‍ സുരക്ഷയൊരുക്കാന്‍ കൊച്ചി കമ്മീഷണറേറ്റിലെ 30 പൊലീസ് സ്റ്റേഷനുകളിലായി ആകെയുള്ളത് 2000ത്തോളം പൊലീസുകാരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അംഗബലം കൂട്ടാതെ രക്ഷയില്ലെന്നാണ് സേനക്കുള്ളിലെ പൊതു സംസാരം.
യഹോവയുടെ സാക്ഷികളോടുള്ള വിയോജിപ്പാണ് ബോംബിടാന്‍ കാരണമെന്ന് ഡൊമനിക് മാര്‍ട്ടിന്‍ പൊലീസിനോട് വ്യക്തമാക്കി. ഫോണില്‍ ചിത്രീകരിച്ച തെളിവുകളെല്ലാം പൊലീസിന് കൈമാറി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.