
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.
മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഫോറന്‍സിക്ക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകർപ്പ് റിപ്പോര്‍ട്ടര്‍ ചാനലിന് ലഭിച്ചു.
ഡേറ്റ തിരിച്ചെടുക്കാന്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചപ്പോള്‍ ഫോണില്‍ നിന്ന് യാതൊരു ഡാറ്റയും തിരിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കാനുള്ള തീരുമാനമെടുക്കുന്നത്. ഈ ഫോണിലാണ് സ്‌ക്രീന്‍ഷോട്ട് തയ്യാറാക്കിയതെന്നാണ് പൊലീസ് നിഗമനം. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിന്‍ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ജിതിന്‍ ഭാസ്‌കറിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ജിതിന്‍ ഭാസ്‌കറിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജിതിന്‍ ഭാസ്‌കര്‍ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ അനുസരിച്ചാണ് എസ്‌ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എല്‍ ജി ലിജീഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വടകര എം പി ഷാഫി പറമ്പില്‍, കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള എന്നിവര്‍ പറയുന്നതിനനുസരിച്ച് ഡിവൈഎഫ്‌ഐ നേതാക്കളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.







