
വ്യാജ സർട്ടിഫിക്കറ്റ് കേസ്; എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യ പിടിയിലായത് കോഴിക്കോട് മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങവെ; കസ്റ്റഡിയിലെടുത്തത് അഗളി പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കി ജോലിയ്ക്ക് ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതി കെ വിദ്യയെ പോലീസ് പിടികൂടിയത് മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങി പോകുമ്പോൾ. പാലക്കാട് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിന്റെ പേരിൽ പോലീസിനു നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയിരിക്കുന്നത്. മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ. ഇവിടെ നിന്ന് ഇറങ്ങി പോകുന്ന സമയത്ത് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലാണ് ഹർജി ഇന്നലെ പരിഗണനക്ക് എത്തിയത്.