
കൊച്ചി: കലാച്ചി നോവൽ വിവാദത്തിൽ പ്രതികരിച്ച് എഴുത്തുകാരി കെ.ആർ മീര. ഹരിത സാവിത്രിയുടെ സിൻ എന്ന നോവലിന്റെ പകർപ്പാണ് കലാച്ചിയെന്ന ആരോപണത്തിനാണ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ കെ.ആർ മീര മറുപടി നൽകിയത്.
2025-ലാണ് കലാച്ചി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതെങ്കിലും 2020 നവംബർ 16 മുതൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂർവ്വം പലരും ഒളിച്ചുവെയ്ക്കുകയാണെന്നും കെ.ആർ മീര വ്യക്തമാക്കി.
കസാഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013-ൽ മനസിൽ വേരുപിടിച്ചതാണ് കലാച്ചി എന്ന നോവലിന്റെ കഥാബീജം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

026 ജനുവരിയിൽ കലാച്ചി വായിച്ച് ആത്മഹർഷം പൂണ്ടയാളാണ് ഇപ്പോൾ ആരോപണമുന്നയിച്ച എഴുത്തുകാരിയെന്നും അന്നൊന്നും സംശയം തോന്നാതിരുന്ന അവർക്ക് മെയ് മാസമാകേണ്ടി വന്നു ആരോപണം ഉന്നയിക്കാനെന്നും കെ.ആർ മീര കുറിച്ചു.
ആരാച്ചാർ എന്ന നോവലും വായനക്കാർ ഏറ്റെടുത്തപ്പോഴാണ് ആരോപണവിധേയമായതെന്നും ഈ ആരോപണത്തിന്റെ പ്രഭവസ്ഥാനവും ഇപ്പോൾ വ്യക്തമാണെന്നും കെ.ആർ മീര വ്യക്തമാക്കി.
കെ.ആർ മീരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
കസഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013ൽ മനസ്സിൽ വേരുപിടിച്ചതാണു ‘കലാച്ചി’ എന്ന നോവലിന്റെ കഥാബീജം.
2019ൽ ഞാൻ ‘കലാച്ചി’ എഴുതിത്തുടങ്ങുകയും 2020 നവംബർ 16 മുതൽ ‘ട്രൂ കോപ്പി തിങ്ക് ‘വെബ് സീനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ കലാച്ചി’ എന്ന ശീർഷകത്തിൽനിന്നു തന്നെ, കഥാഗതി ഏതു രാജ്യത്തേക്കാണു സഞ്ചരിക്കുന്നതെന്നു വ്യക്തമാണ്.
2020 നവംബർ പതിനാറിനു പ്രസിദ്ധീകരിച്ച ആദ്യ അധ്യായത്തിൽ, കലാച്ചിയിൽ ജയിലിലായ ഗവേഷകനായ ഇജാസ് അലിയെത്തേടി യാത്ര പുറപ്പെടാൻ തീരുമാനിക്കുന്ന, ഡോ. ഫിദ മുഹമ്മദിനെ കാത്തിരിക്കുന്ന നീണ്ടതും മായികവുമായ യാത്രയെ കേന്ദ്രീകരിക്കുന്ന പൂർണമായ ഇതിവൃത്തം വ്യക്തമാക്കിയിട്ടുമുണ്ട്.
2019ലെ പൌരത്വപ്രക്ഷോഭവും തുടർന്നു വന്ന മഹാമാരിയുമാണു ‘കലാച്ചി’യുടെ പശ്ചാത്തലം.
2025ലാണ് ‘കലാച്ചി’ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ, 2020 നവംബർ 16 മുതൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂർവ്വം പലരും ഒളിച്ചുവയ്ക്കുന്നു.
2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവൽ, 2022ൽ മാത്രം പുറത്തിറങ്ങിയ കഥയിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽനിന്നു ആശയം ഉൾക്കൊണ്ടതാണോ എന്നു നിങ്ങൾ ചിന്തിക്കുക.
സംശയമുള്ളവർ രണ്ടു നോവലുകളുടെയും പ്രമേയവും കാലഘട്ടവും ആഖ്യാനരീതിയും പാത്രസൃഷ്ടിയും കഥ നടക്കുന്ന രാജ്യങ്ങളും താരതമ്യം ചെയ്തു വിലയിരുത്തുക.
ഒരു നോവലോ കഥയോ എഴുതിയാൽ അതിന്റെ ഭൂമിശാസ്ത്രം കൃത്യമാക്കുക എന്നത് എന്റെ എഡിറ്റിങ്ങിന്റെ ഭാഗമാണ്. ‘ആരാച്ചാർ’ ആകട്ടെ, ‘മീരാസാധു’ ആകട്ടെ, ‘യൂദാസിന്റെ സുവിശേഷം’ ആകട്ടെ, ‘ഘാതകൻ’ ആകട്ടെ, ‘എല്ലാവിധ പ്രണയവും’ ആകട്ടെ, പരാമർശവിധേയമാകുന്ന ഭൂമിക നേരിൽക്കണ്ടിട്ടേ ഞാൻ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളൂ.







